ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണമെന്ന് നടി പ്രിയ മണി. തനിക്കും പങ്കാളി മുസ്തഫയ്ക്കും ജനിക്കുന്ന കുഞ്ഞുങ്ങള്‍ തീവ്രവാദികള്‍ ആകുമെന്ന് വരെ ചിലര്‍ കമന്റിട്ടെന്നും താരം പറഞ്ഞു. അത്തരം കമന്റുകള്‍ കണ്ട് തളര്‍ന്നുപോയിട്ടുണ്ടെന്നും പ്രിയ മണി പറയുന്നു.
2017 ലാണ് നടി പ്രിയമണിയുടെയും മുസ്തഫ രാജും വിവാഹിതരായത്. വിവാഹം പ്രഖ്യാപിച്ചത് മുതല്‍ ആരംഭിച്ച വിദ്വേഷ പ്രചാരണം വിവാഹ ശേഷവും തുടരുകയായിരുന്നെന്നും നടി പറഞ്ഞു.
‘എന്റെ മതവിശ്വാസത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ഈ സൈബര്‍ ആക്രമണം തുടര്‍ന്നു.
കുടുംബത്തിന്റെ കൂടി സമ്മതത്തോടെ ഒന്നിച്ചാണ് വിവാഹനിശ്ചയത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റു ചെയ്തത്. വളരെ സന്തോഷത്തോടെയാണ് ആ പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ പിന്നാലെ വെറുപ്പ് മാത്രം നിറഞ്ഞ കമന്റുകളാണ് കിട്ടിയത്. ‘ജിഹാദി, മുസ്‌ലീം, നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകാന്‍ പോകുന്നു’ എന്നിങ്ങനെയുള്ള അധിക്ഷേപ കമന്റുകളായിരുന്നു വന്നതില്‍ ഭൂരിഭാഗവും.
ഇതെല്ലാം കണ്ട് ഒരുപാട് വിഷമം തോന്നി. ജാതിയും മതവും നോക്കാതെ വിവാഹം കഴിച്ച നിരവധി പേരുണ്ട്. മുന്‍താരങ്ങളുണ്ട്. അതില്‍ എന്താണ് പ്രശ്‌നം.
അവര്‍ ഒരു മതത്തെ മാത്രം ഉള്‍ക്കൊള്ളുകയോ സ്വീകരിക്കുകയോ ചെയ്യണമെന്നില്ല. അവര്‍ മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇത്രയധികം വിദ്വേഷം ആളുകള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ഞാന്‍ എന്തുകൊണ്ടാണ് നവരാത്രിക്ക് പോസ്റ്റ് ഇടാത്തതെന്നാണ് ചില ആളുകള്‍ ചോദിച്ചത്. ഇതിനോടൊന്നും എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. പക്ഷേ ഇനി ഇതൊന്നും എന്നെ ബാധിക്കില്ല. അത്തരം നെഗറ്റിവിറ്റി മനസിലേക്കെടുക്കരുതെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഞാന്‍ ജനിച്ചത് ഒരു ഹിന്ദുവായാണ്, എപ്പോഴും ഞാന്‍ ആ വിശ്വാസത്തെ പിന്തുടരും, ഞങ്ങള്‍ പരസ്പരം ഞങ്ങളുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നു. അതിനപ്പുറത്ത് ഒന്നുമില്ല,’ പ്രിയ മണി പറഞ്ഞു.
Content Highlight: Actress Priya about Her marriage and Cyber attack