നിര്‍ണായകമായ പത്ത് വര്‍ഷമാണ് നഷ്ടമായത്, ഷൂട്ടിനിടെ പൈസ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്റെ രീതിയല്ല: ബൈജു

മലയാള സിനിമയില്‍ അവസരം ലഭിക്കാതെ പോയ നാളുകളെ കുറിച്ചും പ്രതിഫലം വാങ്ങാതെ ചെയ്ത സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. കരിയറിലെ ഒരു വലിയ സമയം ഒരു സിനിമ പോലും തന്നെ തേടിയെത്തിയില്ലെന്നും അവസരത്തിന് വേണ്ടി ആരുടെ വാതിലില്‍ പോയും താന്‍ മുട്ടിയിട്ടില്ലെന്നും ബൈജു പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബൈജു.

‘ സിനിമയില്‍ നമ്മുടെ മുന്‍പില്‍ കയറി ഒരുപാട് പേര് പോയിട്ടുണ്ട്. അവന്‍ കയറിപ്പോകും. അതിനെ കുറിച്ച് നമ്മള്‍ ഓര്‍ത്തിട്ട് എന്താണ് കാര്യം. അവര്‍ പോട്ടെ. നമുക്ക് കിട്ടാനുള്ളതേ നമുക്ക് കിട്ടുള്ളൂ. വേറൊരുത്തന് വെച്ചത് നമുക്ക് എങ്ങനെയാണ് കിട്ടുക. ഈഗോ, പ്രതികാരം പോലുള്ള വികാരങ്ങള്‍ ഒന്നും എനിക്കില്ല.

കുറച്ചുനാള്‍ എനിക്ക് സിനിമ ഇല്ലായിരുന്നു. മാറി നിന്നതല്ല. സിനിമ എന്ന് പറയുന്നത് അങ്ങനെ ആണ്. നമ്മള്‍ ഇങ്ങനെ ലൈം ലൈറ്റില്‍ നില്‍ക്കണം. അല്ലെങ്കില്‍ മറന്നുപോകും. അത് ആരുടേയും കുറ്റമല്ല. ഞാന്‍ അവസരങ്ങള്‍ക്കായി ആരുടേയും വാതിലില്‍ പോയി മുട്ടിയിട്ടില്ല. അങ്ങനെ മുട്ടിയിട്ട് കാര്യമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ചിലര്‍ പറയും നമ്മള്‍ ഭയങ്കരമായി ഹാര്‍ഡ് വര്‍ക്ക് ചെയ്യണമെന്ന്. ഈ ഹാര്‍ഡ് വര്‍ക്ക് എന്ന് പറയുന്നത് അവസരം കിട്ടുമ്പോള്‍ ചെയ്യാന്‍ പറ്റുന്ന ഒന്നല്ലേ. വരാനുള്ളത് വരിക തന്നെ വേണം.,’ ബൈജു പറഞ്ഞു.

സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരം വിട്ടത് പ്രശ്‌നമായോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ബൈജുവിന്റെ മറുപടി.

സിനിമയുടെ ഈറ്റില്ലം ഹബ്ബ് എന്നൊക്കെ പറയുന്നത് ഇപ്പോള്‍ കൊച്ചിയാണ്. എന്റെ ലൈഫില്‍ ഒരു നല്ല പ്രായം വെറുതെ പോയ ആളാണ് ഞാന്‍. 35 വയസുമുതല്‍ 45 വയസുവരെയുള്ള 10 വര്‍ഷം വെറുതെ പോയി. അതോര്‍ത്ത് ദു:ഖമൊന്നുമില്ല. അത് അങ്ങനെ സംഭവിക്കേണ്ടതാണ്. ഞാന്‍ ഇങ്ങനെ കൂട്ടുകാരുമായിട്ട് പല യാത്രകളുമൊക്കെയായി നടന്നു. സിനിമാ ചര്‍ച്ചകളൊന്നും കുടുംബത്തിലും നടത്താറില്ല. അവസരങ്ങള്‍ ലഭിക്കാതെ പോയ നാളുകളെ കുറിച്ച് ഓര്‍ത്ത് വിഷമിക്കാറില്ല, ബൈജു പറഞ്ഞു. സിനിമയില്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചും പരിപാടിയില്‍ ബൈജു സംസാരിച്ചു.

ഞാന്‍ ഒരുപാട് വലിയ പൈസയൊന്നും വാങ്ങിക്കാറില്ല. എനിക്ക് അര്‍ഹമായ കാശേ ചോദിക്കാറുള്ളൂ. വലിയ തുക ചോദിച്ചിട്ട് കാര്യമില്ലല്ലോ. അവര്‍ ആ വഴിക്കങ്ങ് പോകും. ആ പ്രൊജക്ട് നടക്കണം. മറ്റ് കാര്യങ്ങള്‍ എങ്ങനെയാണ് വേറെ ആരൊക്കെയാണ് അഭിനയിക്കുന്നത് എല്ലാം നോക്കും.

നല്ല റോള്‍ ആണെങ്കില്‍ പൈസ കുറച്ചും അഭിനയിക്കാറുണ്ട്. പിന്നെ ഫ്രീ ആയിട്ടും അഭിനയിച്ച സിനിമകളുണ്ട്. ചിരിക്കുടുക്ക പോലുള്ള സിനിമകളില്‍ ഫ്രീ ആയി ചെയ്തിട്ടുണ്ട്. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പിയില്‍ ഫ്രീ ആയിട്ടാണ് അഭിനയിച്ചത്. വേറെ ചില സിനിമകളിലൊക്കെ ശമ്പളം പറഞ്ഞിട്ട് അവസാനം പടം തീര്‍ക്കാന്‍ പൈസയില്ലാതെ വരുമ്പോള്‍ വിട്ടുകൊടുത്തിട്ടുണ്ട്.

ഈ ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് പൈസ ചോദിച്ച് ഞാന്‍ ശല്യപ്പെടുത്തില്ല. അഡ്വാന്‍സ് വാങ്ങിയാല്‍ പടം എങ്ങനെയെങ്കിലും തീര്‍ക്കുക എന്നതാണ്. പൈസ എപ്പോള്‍ ആയാലും കിട്ടും. ഇടയ്ക്കിടെ ചോദിച്ച് ശല്യം ചെയ്യേണ്ട കാര്യമില്ല. തരുന്നെങ്കില്‍ വാങ്ങും. ഞാനായിട്ട് അങ്ങോട്ട് ചോദിക്കാറില്ല. എനിക്ക് ആ മര്യാദയുണ്ട്. പക്ഷേ എത്ര പേര്‍ക്ക് ഈ മര്യാദയുണ്ടെന്നും പറയണം. പ്രൊഡ്യൂസറുടെ വേദന നന്നായി അറിയാം. അവര്‍ ഇല്ലെങ്കില്‍ സിനിമയും ഇല്ല താരങ്ങളും ഇല്ല ആരും ഇല്ല,’ ബൈജു പറഞ്ഞു.

Content Highlight: Baiju santhosh about Malayalam Movie and Remmunaration

Exit mobile version