പ്രാവിന്‍കൂട് ഷാപ്പിലെ സിങ്കം റഫറന്‍സിനെ കുറിച്ചും എന്തുകൊണ്ട് തന്നെ ഈ കഥാപാത്രത്തിലേക്ക് വിളിച്ചു എന്നതിനെ പറ്റിയുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്.
സിനിമയ്ക്ക് വേണ്ടി സിങ്കം റീവാച്ച് ചെയ്തിട്ടൊന്നുമില്ലെന്നും പക്ഷേ സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ ഈ പൊലീസുകാരന്റെ മനസില്‍ താന്‍ ഒരു ഷെര്‍ലെക് ഹോംസാണെന്ന തോന്നലാണ് ഉള്ളതെന്ന കാര്യം സംവിധായകന്‍ പറഞ്ഞിരുന്നെന്നും ബേസില്‍ പറയുന്നു.
‘ സിനിമയ്ക്ക് വേണ്ടി സിങ്കം റീവാച്ച് ചെയ്തിട്ടില്ല. ലുക്കും ഫീലും കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ ക്യാരക്ടര്‍ അവിടെ ഷാപ്പിന് ചുറ്റും നടക്കുമ്പോള്‍ അവിടെ കളിക്കാന്‍ വരുന്ന പിള്ളേരുണ്ട്. അവര്‍ വന്നിട്ട് പൊലീസിന്റെ തൊപ്പി അടിച്ചോണ്ട് പോകും.
എന്നിട്ട് അയ്യേ സിങ്കം പൊലീസ്, സിങ്കം പൊലീസ് എന്ന് പറഞ്ഞ് കളിയാക്കി ഓടുന്ന സീനുണ്ടായിരുന്നു. അത് എഡിറ്റില്‍ പോയി. ഇപ്പോഴും ബാങ്ക് ഗ്രൗണ്ടില്‍ നോക്കിയാല്‍ അറിയാം ബാക്കി കോണ്‍സ്റ്റബിള്‍മാര്‍ ഈ പിള്ളേരുടെ പിറകെ തൊപ്പി താടാ എന്ന് പറഞ്ഞ് ഓടുന്നുണ്ട്.
ഇയാള്‍ക്ക് ഒരു അവഹേളനം അവിടുന്നും ഇവിടുന്നും കിട്ടുന്നുണ്ട്. ഇയാള്‍ അതാവാന്‍ ശ്രമിക്കുന്നുണ്ട് പക്ഷേ ശരിക്കും അതല്ല താനും.
അവസാനം ഒരു മേജര്‍ സീനില്‍ ഷാപ്പിലേക്ക് ഇയാള്‍ ഓടി വരുന്ന സമയത്ത് ഇതേ പിള്ളേര്‍ ഇയാളുടെ മുന്നില്‍ കൂടി ഓടി വന്നിട്ട് അയ്യേ സിങ്കം പൊലീസ് എന്ന് വിളിക്കുന്നുണ്ട്. ഇയാള്‍ ആ പിള്ളേരുടെ മണ്ടയ്ക്കിട്ട് ഇടിച്ച് പോടാ എന്ന് പറയുന്നു. എന്നിട്ടാണ് ഓടുന്നത്. അത് സിനിമയില്‍ ഉണ്ട്.
പുള്ളിയുടെ മനസില്‍ ലുക്ക് സിങ്കത്തിന്റേയും മനസുകൊണ്ട് ഷെര്‍ലെക് ഹോംസും എന്ന് പറയുന്നതുപോലെയാണ്. എന്നാല്‍ രണ്ടും അങ്ങോട്ട് പൂര്‍ണമായും എത്തുന്നുമില്ല.
ശ്രീരാജ് കഥ പറയുമ്പോള്‍ തന്നെ സിങ്കം റഫറന്‍സും ഷെര്‍ലക് ഹോംസിന്റെ സംഭവവുമൊക്കെ പറയുമായിരുന്നു. മനസിലേ അതുള്ളൂ. റിസള്‍ട്ടില്‍ അതില്ല. അതാണ് ഇതിന്റെ ഒരു ഹ്യൂമറും കോണ്‍ട്രാസ്റ്റും. ആ ഐറണിയിലാണ് ഇത് മൊത്തം പോകുന്നത്.
അല്ലായിരുന്നെങ്കില്‍ എളുപ്പത്തില്‍ ഈ റോളിലേക്ക് ആരെ വേണമെങ്കിലും കാസ്റ്റ് ചെയ്യാമല്ലോ. പ്രോപ്പര്‍ പൊലീസ് ലുക്കും ഫിസിക്കുമുള്ള ഒരു ആക്ടറിനെ കാസ്റ്റ് ചെയ്താല്‍ സ്‌ട്രേറ്റ് ഫോര്‍വേഡ് ആകുമായിരുന്നു.
കാസ്റ്റിങ്ങില്‍ അത് ബ്രേക്ക് ചെയ്യുന്നിടത്താണ് ശ്രീരാജ് വ്യത്യസ്തനായത്. ഇയാളെ അങ്ങനെ ആക്കിയിട്ട് അതില്‍ നിന്നുണ്ടാകുന്ന ഹ്യൂമറുണ്ട്. എന്നാല്‍ ഹ്യൂമര്‍ ആക്കാന്‍ വേണ്ടി ഇയാള്‍ ഒന്നും ചെയ്യുന്നുമില്ല,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about why he cast on Pravinkoodu shaapu