തിയേറ്ററില്‍ വിജയിക്കുന്ന സിനിമകള്‍ പലതും ഒ.ടി.ടിയില്‍ മോശം അഭിപ്രായമാണ് നേടാറെന്നും തിരിച്ച് തിയേറ്ററില്‍ പരാജയപ്പെടുന്ന സിനിമകള്‍ക്ക് ഒ.ടി.ടിയില്‍ സ്വീകാര്യത ലഭിക്കുമെന്നും പറയുന്നതിനോട് യോജിപ്പില്ലെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍.
അങ്ങനെ തനിക്ക് തോന്നിയിട്ടില്ലെന്നും വിരലിലെണ്ണാവുന്ന ചില പടങ്ങള്‍ക്ക് അങ്ങനെ സംഭവിച്ചുകാണുമെന്നും എന്നാല്‍ മൊത്തത്തില്‍ അങ്ങനെ അല്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
‘എല്ലാ സിനിമകളേയും അങ്ങനെ അടച്ച് പറയാന്‍ പറ്റില്ല. വളരെ റെയര്‍ ആയിട്ടുള്ള സിനിമകള്‍ക്കാണ് അങ്ങനെ സംഭവിക്കുന്നത്. ഒ.ടി.ടിയിലും തിയേറ്ററിലും ഒരുപോലെ വിജയിക്കുന്ന സിനിമകളുണ്ട്.
ഒ.ടി.ടി വരുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ മോശം പറയുന്നത് ഹൈലൈറ്റ് ചെയ്യപ്പെടുന്നുണ്ടാകാം. ചില സിനിമകള്‍ ഗ്രൂപ്പ് വാച്ചില്‍ എഫക്ടീവായി വര്‍ക്കാവുന്നതായിരിക്കും.
അത് ചിലപ്പോള്‍ ഒറ്റയ്ക്കിരുന്ന് കാണുമ്പോള്‍ എഫക്ടീവ് ആകണമെന്നില്ല. എങ്കിലും സിനിമയുടെ പ്രധാന മാര്‍ക്കറ്റ് തിയേറ്റര്‍ തന്നെയാണ്. തിയേറ്ററില്‍ വിജയിക്കുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. ഒ.ടി.ടിയില്‍ നല്ല അഭിപ്രായം കിട്ടുന്നത് പ്രചോദനമാണ്. അതിന് അപ്പുറത്തേക്ക് ഇല്ല,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
പുതിയ സിനിമകളുടെ ആലോചനയിലാണ് താനെന്നും കഥ മുമ്പോട്ട് പോയാല്‍ അടുത്ത വര്‍ഷം അല്ലെങ്കില്‍ ഈ വര്‍ഷം അവസാനമൊക്കെയായിട്ട് ഒരു പടം ചെയ്യണമെന്നുണ്ടെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
ഒരു സിനിമ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ മാത്രമേ കാസ്റ്റിങ്ങിനെ കുറിച്ചൊക്കെ ആലോചിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘അവസാന ഘട്ടത്തിലാണ് പൊതുവെ കാസ്റ്റിങ്ങിലേക്ക് കടക്കാറ്. ആലോചനകള്‍ ഉണ്ടാകും ഇന്നയാള്‍ എന്നൊക്കെ. എന്നാല്‍ പടം എഴുതി തീര്‍ന്ന്, ക്യാരക്ടറിനെയൊക്കെ പൂര്‍ണമായി എഴുതി തീര്‍ന്ന് അതിന്റെ പ്രോസസ് കഴിയുന്നതുവരെ അനാവശ്യമായി ഒരു ക്യാരക്ടറിലേക്ക് പിടിക്കാതിരിക്കുന്നതാണ് എന്റെ ഒരു ശീലം.
മനസില്‍ ആലോചനകള്‍ ഉണ്ടാകും. ഉറപ്പിക്കാന്‍ സാധിക്കില്ല. പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ മാറ്റല്‍ ബുദ്ധിമുട്ടായിരിക്കും. ഏറ്റവും അവസാന നിമിഷം വരെ ഷിഫ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിക്കും.
എഴുത്തിന്റെ ഘട്ടത്തില്‍ ആദ്യത്തെ ധാരണ മാറും. ഇന്നയാള്‍ ചെയ്യട്ടെയെന്ന് ആദ്യം വിചാരിച്ചയാള്‍ എഴുത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ചിലപ്പോള്‍ വേറെ ഓപ്ഷന്‍സ് മനസിലേക്ക് വരാന്‍ സാധ്യതയുണ്ട്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
Content Highlight: Dileesh Pothan about OTT and Theatre Success