തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കു യാതനകള്‍ മാത്രമാണ് നേരിടേണ്ടി വരുന്നതെന്നും സിനിമയില്‍ പുറംമോടി മാത്രമേയുള്ളൂവെന്നും അപവാദപ്രചാരണങ്ങളില്‍ നടിമാര്‍ക്കു വേദനയുണ്ടെന്നും നടിമാര്‍ പറയുന്നു.
സ്ത്രീകള്‍ക്കു പ്രാഥമിക സൗകര്യങ്ങള്‍ പോലും നല്‍കാറില്ല. താമസിക്കുന്ന ഹോട്ടലുകളിലെ മുറികള്‍ മദ്യപിച്ചെത്തിയവര്‍ തുറക്കും. തുറക്കാന്‍ വിസമ്മതിച്ചാല്‍ ബലം പ്രയോഗിക്കും.
സിനിമാ സെറ്റുകളില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ വരെ നടന്നിട്ടുണ്ട്. ‘പോക്‌സോ’ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളുണ്ട്. പക്ഷേ പ്രത്യാഘാതങ്ങള്‍ ഭയന്ന് നിശബ്ദരായിരിക്കേണ്ട നിസഹായവസ്ഥയിലാണ്. കുടുംബാംഗങ്ങള്‍ പോലും ആക്രമത്തിന് ഇരയാവുമെന്ന് ഭയപ്പെടുന്നെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ടിലെ പേജ് നമ്പര്‍ 55, 56 പേജുകളില്‍ കാസ്റ്റിങ് കൗച്ചിനെപ്പറ്റിയാണ് വിശദികരിക്കുന്നത്. തൊഴിലിന് പകരം ശരീരം ആവശ്യപ്പെടുന്നുവെന്നും ജോലികിട്ടാന്‍ ലൈംഗികമായി വഴങ്ങേണ്ട അവസ്ഥയെന്നും നടിമാര്‍ ഹേമ്മ കമ്മിഷന് മുന്നില്‍ വെളിപ്പെടുത്തി.
‘പേടി കാരണം തൊഴിലിന് രക്ഷിതാക്കള്‍ ഒപ്പം പോവേണ്ട അവസ്ഥയാണ്. തൊഴിലിടത്ത് തനിച്ച് താമസിക്കുന്നത് സുരക്ഷിതമല്ല. മദ്യപിച്ചെത്തിയവര്‍ മുറിയുടെ വാതിലില്‍ മുട്ടുന്നത് പതിവാണ്. വാതില്‍ പൊളിഞ്ഞ് വീഴുമെന്ന് പോലും ആശങ്കപ്പെട്ടാണ് റൂമില്‍ ഭയത്തോടെ കഴിഞ്ഞത്. തുറക്കാന്‍ വിസമ്മതിച്ചാല്‍ ബലം പ്രയോഗിക്കും. പല അവസരങ്ങളിലും പുരുഷന്മാര്‍ ബലം പ്രയോഗിച്ച് മുറിയിലേക്ക് കടക്കുമെന്ന് വരെ തോന്നിയിട്ടുണ്ട്’.
തീര്‍ത്തും വ്യത്യസ്തമായ അവസ്ഥയാണ് മലയാള സിനിമയില്‍ നിലനില്‍ക്കുന്നത്. തൊഴിലിന് പകരം ശരീരം നല്‍കണം എന്ന ഡിമാന്റ് മൂലം സ്ത്രീകള്‍ ഒറ്റയ്ക്ക് ജോലിക്ക് പോകാന്‍ ഭയപ്പെടുകയാണ്.
ഇന്റേണല്‍ കമ്മിറ്റിയില്‍ പോലും പരാതിപ്പെടാന്‍ സ്ത്രീകള്‍ക്ക് സാധിക്കാറില്ല. പരാതി പറയുന്നവരെ തെറ്റുകാരായി ഇല്ലാതാക്കുന്ന സാഹചര്യം മലയാളസിനിമയില്‍ ഉണ്ട്. പരാതിക്കാരുടെ കുടുംബാംഗങ്ങളെപ്പോലും വേട്ടയാടുന്ന പ്രവണത മലയാള സിനിമയില്‍ ഉണ്ടെന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
ഒപ്പിടുന്ന കരാര്‍ ലംഘിച്ച് നഗ്നത പകര്‍ത്താന്‍ നിര്‍ബന്ധിക്കുന്നെന്നും കരാര്‍ ലംഘിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതെന്നും മൊഴികളുണ്ട്.
വഴങ്ങുന്ന നടിമാരെ വിളിക്കുന്നത് പ്രത്യേക കോഡിലാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ഡബ്ല്യു.സി.സി മൊഴി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏകസംഭവം ഇത് മാത്രമാണെന്നും മൊഴിയില്‍ പറയുന്നുണ്ട്.