മലയാളത്തിലെ യുവ പ്രേക്ഷകരുടെ പ്രിയ താരമാണ് നസ്‌ലിന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമിലേക്ക് നസ്‌ലിന്‍ കടന്നുവരുന്നത്. പിന്നീടിങ്ങോട്ട് ഒരുപിടി സിനിമകളുടെ ഭാഗമാകാന്‍ നസ്‌ലിന് സാധിച്ചു. ഏറ്റവും ഒടുവില്‍ പ്രേമലു എന്ന ബ്ലോക്ക് ബസ്റ്ററിലൂടെ യൂത്ത് ഐക്കന്‍ സ്റ്റാര്‍ എന്ന പട്ടത്തിന് കൂടി യോജിക്കുന്ന പേരായി മാറിയിരിക്കുകയാണ് താരം. വലിയൊരു ആരാധക പിന്തുണ നേടാന്‍ പ്രമേലു എന്ന ഒറ്റ ചിത്രത്തിലൂടെ നസ്‌ലിന് ലഭിച്ചു.
പ്രേമലുവിന്റെ അതേ സമയത്ത് ഷൂട്ടിങ് തുടങ്ങിയ ഒരു സിനിമയിലേക്ക് നസ്‌ലിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്.
ആസിഫ് അലി നായകനായ തലവനിലേക്ക് താന്‍ ആദ്യം കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് നസ്‌ലിനെ ആയിരുന്നെന്നാണ് ജിസ് പറയുന്നത്.
സിനിമയിലെ ജാഫര്‍ ഇടുക്കിയുടെ കഥാപാത്രത്തിന്റെ പ്രായം ആദ്യം വളരെ കുറവായിരുന്നുവെന്നും ആ കഥാപാത്രത്തിലേക്ക് തങ്ങള്‍ നസ്ലിനെയായിരുന്നു കാസ്റ്റ് ചെയ്തത് എന്നുമാണ് അദ്ദേഹം പറയുന്നത്.
ആ സമയത്ത് പ്രേമലുവിന്റെ ഷൂട്ട് നടക്കുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും അങ്ങനെയൊരു സിനിമയുടെ കാര്യമറിഞ്ഞിരുന്നെങ്കില്‍ താന്‍ ഒരിക്കലും അവനെ വിളിക്കില്ലായിരുന്നുവെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
അത് മറ്റൊന്നും കൊണ്ടല്ലെന്നും നായകനായി അഭിനയിക്കുന്ന ഒരാളെ വിളിച്ച് ഒരു ചെറിയ റോള്‍ ചെയ്യുമോ എന്ന് ചോദിക്കുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണെന്നുമാണ് എന്നാണ് ജിസ് ജോയ് പറയുന്നത്.
പ്രേമലുവിന്റെ കാര്യം ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അവനെ വിളിക്കില്ലായിരുന്നു. കാരണം അതില്‍ അവന്‍ ഹീറോ ആയിട്ടാണ് അഭിനയിക്കുന്നത്.
എനിക്ക് സത്യത്തില്‍ അവനെ തലവനില്‍ കൊണ്ടുവരുന്നതില്‍ വളരെ സന്തോഷമുണ്ടായിരുന്നു. ഇതിന് മുമ്പ് ഞാന്‍ വര്‍ക്ക് ചെയ്യാത്ത ഒരു ആര്‍ട്ടിസ്റ്റായിരുന്നു നസ്‌ലിന്‍. ഇന്ന്് അവനുമായി എനിക്കുള്ള ബന്ധം അന്നുണ്ടായിരുന്നില്ല. എന്നിട്ടും ഞങ്ങള്‍ വിളിച്ചപ്പോള്‍ തന്നെ ആ കഥാപാത്രം ചെയ്യാമെന്ന് പറയാനുള്ള മനസ് അവനുണ്ടായിരുന്നു.
പക്ഷെ പിന്നീടാണ് ആ കഥാപാത്രത്തെ വേറെ ചില കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നിയത്. അപ്പോള്‍ ആളുടെ വരവിന് എന്തെങ്കിലും ഒരു ഉദ്ദേശം കൂടെ ഉണ്ടെങ്കില്‍ കുറച്ചുകൂടെ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ആ കഥാപാത്രത്തിന് പ്രായം കൂട്ടി ഒരു മാറ്റം കൊണ്ടുവന്നത്. അതോടെ നസ്‌ലിന്‍ എന്ന സാധ്യത ഇല്ലാതായി,’ ജിസ് ജോയ് പറഞ്ഞു.