മമ്മൂക്കയെയും ഫാന്‍സിനെയും അങ്ങനെയങ്ങ് പിണക്കാന്‍ പറ്റില്ലല്ലേല്ലോ, അതുകൊണ്ട് ചെയ്തതാണ്: വൈശാഖ്

മധുരരാജക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് ടര്‍ബോ. ടര്‍ബോ ജോസ് എന്ന ഡ്രൈവര്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂക്കയുടെ ഫൈറ്റും മാസുമെല്ലാം കാണാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. പഴയ മമ്മൂക്കയെന്ന് ആളുകള്‍ പൊതുവെ പറയാറില്ലെങ്കിലും മമ്മൂക്കയുടെ ഫൈറ്റിനൊക്കെ എന്നും ആരാധരുണ്ട്.

ചിത്രത്തില്‍ തിയേറ്ററില്‍ ഏറ്റവുമധികം കൈയടി കിട്ടിയ ഒരു രംഗമായിരുന്നു പള്ളിപ്പെരുന്നാള്‍ ഫൈറ്റ്. ആ രംഗം എടുത്തതിനെ കുറിച്ചും മമ്മൂക്ക അറിയാതെ താന്‍ ചെയ്ത ഒരു ഗിമ്മിക്കിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

മമ്മൂട്ടി പോലും അറിയാതെ പള്ളിപ്പെരുന്നാള്‍ ഫൈറ്റിനിടയില്‍ മെഗാസ്റ്റാര്‍ ഷോ എന്ന ടൈറ്റില്‍ ഉപയോഗിച്ചെന്നും മമ്മൂട്ടി അത് കാണാതിരിക്കാന്‍ വേണ്ടി അദ്ദേഹത്തെ തിരിച്ച് നിര്‍ത്തിയാണ് ആ ഷോട്ടെടുത്തതെന്നും വൈശാഖ് പറഞ്ഞു.

അത് മറ്റൊന്നും കൊണ്ടല്ലെന്നും മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ ഉപയോഗിക്കാന്‍ മമ്മൂട്ടി സമ്മതിക്കില്ലെന്നും ഫാന്‍സിന് ആ ടൈറ്റില്‍ വേണമെന്ന് മെസ്സേജയച്ച് പറയാറുണ്ടെന്നും വൈശാഖ് പറഞ്ഞു.

‘മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ സിനിമയിലുപയോഗിക്കാന്‍ മമ്മൂക്ക ഒരിക്കലും സമ്മതിക്കില്ല. പുള്ളിയോട് ചോദിച്ചാല്‍ അതൊന്നും വേണ്ട എന്നേ പറയൂ. മധുരരാജയിലൊന്നും അത് ഉപയോഗിച്ചിട്ടില്ല.

ടര്‍ബോ ഷൂട്ട് തുടങ്ങിയ സമയത്ത് ഈ കാര്യം മമ്മൂക്കയോട് ചോദിക്കാന്‍ പോയതേയില്ല. ചോദിച്ചാലും സമ്മതിക്കില്ല. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്നതുകൊണ്ട് അതിന് ഒരു ചാന്‍സും ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു.

പക്ഷേ ഫാന്‍സ് അസോസിയേഷനിലുള്ളവര്‍ എല്ലാ ദിവസവും മെസ്സേജ് അയച്ച് പറയും, എങ്ങനെയെങ്കിലും മെഗാസ്റ്റാര്‍ ടൈറ്റില്‍ വെക്കണമെന്ന്. അങ്ങനെ രണ്ട് പേരെയും പിണക്കാന്‍ പറ്റാത്തതുകൊണ്ട് സിനിമയില്‍ ഞാന്‍ ഈ രീതി പ്രയോഗിച്ചു.

ഞാന്‍ നോക്കിയിട്ട് ആ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മമ്മൂക്ക ഈ കാര്യം അവസാനമാണ് അറിഞ്ഞത്. പള്ളിപ്പെരുന്നാളിന്റെ സെറ്റില്‍ ‘മെഗാസ്റ്റാര്‍ ഷോ’ എന്ന് എഴുതിയ ഭാഗത്ത് മാത്രം ലൈറ്റ് ഓഫ് ചെയ്ത് വെച്ചു.

ഷോട്ടെടുക്കുന്ന സമയത്താണ് ആ ലൈറ്റിട്ടത്. മമ്മൂക്ക തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ട് പുള്ളിക്ക് അത് കാണാനും പറ്റിയില്ല. ഷോട്ട് എടുത്ത ശേഷമാണ് മമ്മൂക്ക അത് കണ്ടത്. കണ്ട ഉടനെ എന്നെ നോക്കി, ഇതെന്താണെന്ന മട്ടില്‍. ഞാന്‍ പുള്ളിയെ നോക്കി കണ്ണടച്ചു കാണിച്ചു, എന്താണെന്നറിയില്ല, ആ സമയത്ത് വേറൊന്നും മമ്മൂക്ക പറഞ്ഞില്ല, ‘ വൈശാഖ് പറഞ്ഞു.

 

 

 

 

 

Exit mobile version