Hema Committee Report | പവര്‍ഗ്രൂപ്പില്ല, പൊലീസ് അന്വേഷിക്കട്ടെ, ശിക്ഷ കോടതി തീരുമാനിക്കട്ടെ: മമ്മൂട്ടി

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. ഇന്ന് ആദ്യമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം.

ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടതെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത് എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റിയെന്നാണ് മമ്മൂട്ടി പറയുന്നത്.

ആ റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെയെന്നും മമ്മൂട്ടി തന്റെ പോസ്റ്റില്‍ പറയുന്നു. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ലെന്നും അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗമല്ല സിനിമയെന്നും അദ്ദേഹം പറയുന്നു.

Also Read: ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന് നന്ദി; പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം: ജയസൂര്യ

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്.

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്.

Also Read: അവന്റെ പ്രായത്തിലുള്ള കുട്ടികളൊന്നും അങ്ങനെ ചെയ്യാറില്ല; അതിന് ഞാന്‍ മാര്‍ക്ക് കൊടുത്തു: ബ്ലെസി

ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തുനില്‌കേണ്ട സമയമാണിത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്.

പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം.

Content Highlight: Mammootty Talks About Powergroup In Malayalam Cinema And Hema Committee Report

 

 

Exit mobile version