എനിക്ക് വേണ്ടിയൊരു ഗംഭീരസിനിമ ഒരുക്കാമെന്ന് ആ തമിഴ് സംവിധായകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്: മഞ്ജു വാര്യര്‍

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു.

Also Read: ആ സംവിധായകനെ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്: രഘുനാഥ് പലേരി

വെട്രിമാരന്‍ ചിത്രം അസുരന്‍, എച്ച്. വിനോദ് ചിത്രം തുനിവ് എന്നിവയിലൂടെ തമിഴ് പ്രേക്ഷകരുടെയും കൈയടി വാങ്ങാന്‍ മഞ്ജുവിന് സാധിച്ചു. കരിയറിലെ ആദ്യ ആക്ഷന്‍ റോളാണ് തുനിവിലൂടെ മഞ്ജുവിന് ലഭിച്ചത്. എച്ച്. വിനോദിന്റെ കീഴില്‍ തുനിവില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മഞ്ജു വാര്യര്‍. വളരെ കുറച്ച് സീനില്‍ മാത്രമേ തന്റെ കഥാപാത്രം ഉണ്ടായിരുന്നുള്ളൂവെന്നും ഓരോ സീനിന് ശേഷവും താന്‍ അത് ഇംപ്രൂവ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നെന്നും മഞ്ജു പറഞ്ഞു.

ആ സീന്‍ ഒന്നുകൂടി എടുക്കാമെന്ന് പറയുമ്പോള്‍ അതൊക്കെ മതിയെന്ന് വിനോദ് തന്നോട് പറയുമായിരുന്നെന്നും താന്‍ അത് കേട്ട് ഓക്കെ എന്ന് പറയുമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ അത്രയൊക്കെ മതിയെന്നും തനിക്ക് നല്ലരീതിയില്‍ പെര്‍ഫോം ചെയ്യാന്‍ നല്ലൊരു സിനിമ വേറെ തരുമെന്ന് വിനോദ് ഉറപ്പുതന്നിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. എസ്.എസ് മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

Also Read: നസ്‌ലെനും ഞാനും ഒരുമിച്ചുള്ള കുറേ പ്രൊജക്ടുകള്‍ വന്നിരുന്നു, എല്ലാം വേണ്ടെന്ന് വെച്ചു: മമിത

‘ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും വ്യത്യസ്തനായ സംവിധായകനാണ് എച്ച്. വിനോദ്. അയാള്‍ക്ക് നമ്മുടെയടുത്ത് നിന്ന് എന്താണ് വേണ്ടതെന്ന് കൃത്യമായ ധാരണയുണ്ട്. അതിനപ്പുറത്തേക്ക് പോകേണ്ട ആവശ്യമില്ല. എനിക്കാണെങ്കില്‍ ഓരോ സീനും എടുത്തുകഴിഞ്ഞാല്‍ അത് കുറച്ചുകൂടെ ഇംപ്രൂവ് ചെയ്യാന്‍ തോന്നും. ഇത് വിനോദിനോട് പറയുമ്പോള്‍ ‘അതൊക്കെ മതി മാഡം’ എന്ന് മറുപടി നല്‍കും.

ഇങ്ങനെ നാലഞ്ച് തവണ ആവര്‍ത്തിച്ചപ്പോള്‍ വിനോദ് എന്റെയടുത്ത് വന്നിട്ട്, ‘ഈ സിനിമയില്‍ ഇങ്ങനെ മതി. അധികം സ്‌പെയ്‌സൊന്നും ഇല്ലല്ലോ. നിങ്ങള്‍ക്ക് ഇതിനെക്കാള്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന നല്ലൊരു കഥ എന്റെ കൈയിലുണ്ട്. സമയമാകുമ്പോള്‍ വിളിക്കാം’ എന്നാണ്. മിക്കവാറും അടുത്ത സിനിമയിലോ അതിനടുത്ത സിനിമയിലോ വിളിക്കുമായിരിക്കും,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier about director H Vinoth

Exit mobile version