മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രധാന്യം ലഭിക്കുന്നില്ലെന്ന ഒരു പരാതി അടുത്തിടെ ഉയര്‍ന്നിരുന്നു.
ഭ്രമയുഗവും മഞ്ഞുമ്മേല്‍ ബോയ്‌സും ആവേശവും എല്ലാം വലിയ ഹിറ്റുകള്‍ ആയപ്പോഴും ഈ ചിത്രങ്ങളിലൊന്നും സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഒരു റോളും ഇല്ലാതിരുന്നതാണ് അത്തരമൊരു വിമര്‍ശനത്തിന് കാരണമായത്.
സിനിമകളില്‍ സ്ത്രീകളെ കാണുന്നില്ലെന്ന പരാതി സൂക്ഷ്മദര്‍ശിനിയോടെ തീരുമെന്ന് പറയുകയാണ് നടി നസ്രിയ ഫഹദ്. സൂക്ഷ്മദര്‍ശിനിയില്‍ ഒരുപാട് സ്ത്രീകള്‍ ഉണ്ടെന്നും താരം പറയുന്നു.
‘ഈ സിനിമയില്‍ ഒരുപാട് സ്ത്രീകള്‍ ഉണ്ട്. കുറച്ച് കാലമായി എല്ലാവരും കംപ്ലയിന്‍ ചെയ്യുന്നുണ്ടായിരുന്നു. എവിടെ മലയാള സിനിമയിലെ സ്ത്രീകള്‍ എന്ന്.
പൂജ, അഖില, മെറിന്‍ പിന്നെ കുറേ ചേച്ചിമാര്‍. അത്തരത്തില്‍ നിരവധി പേര്‍ ഈ ചിത്രത്തിലുണ്ട്. പിന്നെ ദീപക്, സിദ്ദാര്‍ത്ഥ് ഇവരുടെയെല്ലാം ഗംഭീര കഥാപാത്രങ്ങളാണ്.
സിദ്ദാര്‍ത്ഥിനെയൊക്കെ ഇതുവരെ കാണാണ ടൈപ്പ് ക്യാരകട്‌റാണ് ചിത്രത്തില്‍. വളരെ ഇന്ററസ്റ്റിങ് ആണ്. സിനിമ ഇറങ്ങിയ ശേഷം ആള്‍ക്കാര്‍ ഏറ്റവും കൂടുതല്‍ സംസാരിക്കാന്‍ പോകുന്ന കഥാപാത്രം സിദ്ധാര്‍ത്ഥിന്റേതായിരിക്കും.
പിന്നെ സിനിമയില്‍ ഞാനും ബേസിലും തമ്മിലുള്ളത് ഒരു പ്രത്യേക കെമിസ്ട്രിയാണ്. എല്ലാവരും സിനിമ കാണണം. നിങ്ങള്‍ ഒരിക്കലും ഡിസപ്പോയിന്റഡ് ആവില്ല. എല്ലാവരും സാറ്റിസ്‌ഫൈഡ് ആയിരിക്കുമെന്ന് ഉറപ്പുണ്ട്,’ നസ്രിയ പറയുന്നു.
ഇതുവരെ പ്രൊഡ്യൂസ് ചെയ്ത സിനിമകളെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു.
‘ഇതുവരെ പ്രൊഡ്യൂസ് ചെയ്തതെല്ലാം സുഹൃത്തുക്കള്‍ക്കൊപ്പമാണ്. അതൊന്നും ഒരു ദിവസം രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ല. മാസങ്ങളായി ഡിസ്‌കഷനിലുള്ള കാര്യങ്ങള്‍ ആയിരിക്കും പലതും.
വന്നിട്ടുളള എല്ലാ കഥയും അങ്ങനെ പ്രൊഡ്യൂസ് ചെയ്തിട്ടുമില്ല. കഥ അത്രയും നല്ലത് ആയതുകൊണ്ട് തന്നെയാണ് അതിനായി ഇറങ്ങിത്തിരിച്ചത്. സുഹൃത്തുക്കള്‍ ആയതുകൊണ്ടോ പരസ്പരം അറിയുന്നവര്‍ ആയതുകൊണ്ടോ ഒരു സിനിമയും ഇതുവരെ ചെയ്തിട്ടില്ല. കഥ തന്നെയാണ് പ്രധാനം,’ നസ്രിയ പറയുന്നു.
Content Highlight: Nazriya About Womens in Sookshmadarshini Movie