ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം.
മലയാള സിനിമയിലെ നെപ്പോട്ടിസത്തെ വളരെ രസകരമായി ട്രോളിയ ചിത്രം കൂടിയായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം. അവന്റെ മകന്‍ ഇവന്റെ മറ്റവന്റെ മകന്‍ എന്ന നിവിന്‍ പോളിയുടെ ഡയലോഗും മലയകയറാന്‍ പോകുന്നവനെയൊക്കെ പിടിച്ച് സിനിമയില്‍ അഭിനയിപ്പിക്കുകയാണെന്ന് പ്രണവിന്റെ കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നതുമെല്ലാം പ്രേക്ഷകരില്‍ ചിരിപടര്‍ത്തിയിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം സെറ്റില്‍ നിന്ന് പോലും മലകയറാന്‍ പോയ പ്രണവിനെ കുറിച്ച് പറയുകയാണ് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അശ്വത്.
വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ ലൊക്കേഷന്‍ മൂന്നാര്‍ ആയിരുന്നെന്നും പ്രണവിന് ട്രക്കിങ്ങും പരിപാടിയും ഇഷ്ടമുള്ളത്‌കൊണ്ട് രാവിലെയൊക്കെ നടക്കാന്‍ പോകുമെന്നും അശ്വത് പറഞ്ഞു.
ഒരു ദിവസം താന്‍ ഫോണ്‍ നോക്കിയിരുന്നപ്പോള്‍ ഒരു ലോറിയുടെ സൈഡില്‍ നിന്ന് പ്രണവിന്റെ കൂടെയുള്ള ഫോട്ടോ ഒരാള്‍ പങ്കുവെച്ചത് കണ്ടെന്നും ആ ഫോട്ടോക്ക് താഴെ ട്രിപ്പിന് പോയപ്പോള്‍ യാദൃശ്ചികമായി പ്രണവിനെ കണ്ടു എന്ന ക്യാപ്ഷനോട് കൂടെ വലിയ ടെക്സ്റ്റ് ഇട്ടിട്ടുണ്ടെന്ന് അശ്വത് കൂട്ടിച്ചേര്‍ത്തു.
‘നടത്തവും മലയകയറല്‍ പരിപാടിയുമൊക്കെ പ്രണവിന് ഏറെ ഇഷ്ടമാണ്. വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ ലൊക്കേഷന്‍ മൂന്നാര്‍ ആയിരുന്നല്ലോ. നടക്കാനും മലകയറാനുമൊക്കെ പ്രണവ്് പോകുമായിരുന്നു. രാവിലെ മുതല്‍ വൈകീട്ട് വരെ ഷൂട്ട് ഉണ്ടാവും. രാവിലെ ഒരു അഞ്ചോ ആറോ മണി ആകുമ്പോള്‍ പ്രണവ് നടക്കാന്‍ പോകും. ഒരു ദിവസം രാവിലെ ഞാന്‍ ഫോണില്‍ നോക്കിയിരുന്നപ്പോള്‍ ഒരു ചേട്ടന്‍ ഇങ്ങനെ ഫോട്ടോ എടുത്ത് ഇട്ടിരിക്കുകയാണ്.
ഒരു ലോറിയുടെ സൈഡില്‍ നിന്ന് ഒരു ചേട്ടന്‍ ഫോട്ടോ ഇട്ടിട്ടുണ്ട്. യാദൃശ്ചികമായി ഞാന്‍ മൂന്നാറില്‍ ട്രിപ്പിന് പോയപ്പോള്‍ പ്രണവിനെ കണ്ടു എന്നൊക്കെ പറഞ്ഞു ഒരു വലിയ ടെക്സ്റ്റ് ഇട്ടിട്ടുണ്ട്.
തന്റെ യാത്രകളില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ പ്രണവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ട്രക്കിങ്ങിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് സന്ദര്‍ശിക്കാത്ത രാജ്യങ്ങളും വിരളമാണ്. യാത്രകളാണ് പ്രണവിന് ഏറെ ഇഷ്ടമെന്നും അവന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് തങ്ങള്‍ക്കും താത്പര്യമെന്ന് മോഹന്‍ലാലും പലപ്പോഴായി പറയാറുണ്ട്.