തമിഴിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളര്‍മാരിലൊരാളാണ് വിജയ്. ദളപതി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുന്ന വിജയ് തമിഴിലെ ഏറ്റവും വലിയ സ്റ്റാര്‍വാല്യുവുള്ള നടനാണ്. കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിജയ് രാഷ്ട്രീയപ്രഖ്യാപനം നടത്തിയത്. സിനിമയില്‍ നിന്ന് വിട്ടുനിന്ന് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിറങ്ങുമെന്ന വിജയ്‌യുടെ പ്രഖ്യാപനം ആരാധകരെയും ഞെട്ടിച്ചു.
രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭുവുമായി വിജയ് ആദ്യമായി കൈകോര്‍ക്കുന്ന സിനിമ എന്ന നിലയില്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ ഗോട്ടിന് മുകളില്‍ വെക്കുന്നത്. തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ എ.ജി.എസ്. എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. 200 കോടിയാണ് വിജയ് ഗോട്ടിന് പ്രതിഫലമായി വാങ്ങുന്നത്. ബിഗിലിന് ശേഷം എ.ജി.എസും വിജയ്‌യും ഒന്നിക്കുന്ന ചിത്രത്തെപ്പറ്റി സംസാരിക്കുകയാണ് നിര്‍മാതാവ് അര്‍ച്ചന കല്പാത്തി.
ബിഗിലിന്റെ ടോട്ടല്‍ ബജറ്റ് ഈ സിനിമയില്‍ വിജയ്‌യുടെ പ്രതിഫലത്തിലേക്ക് മാത്രം ചെലവായെന്നും സിനിമയുടെ മുഴുവന്‍ ബജറ്റ് 400 കോടിയായെന്നും അര്‍ച്ചന പറഞ്ഞു. ഒരു നടനെ വിശ്വസിച്ച് ഇത്രയും പൈസ ചെലവിടുമ്പോള്‍ അത് തിരിച്ചുകിട്ടുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ബിഗില്‍ റിലീസായി അഞ്ച് വര്‍ഷം പിന്നിടുമ്പോഴേക്ക് വിജയ് എന്ന നടന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായെന്നും അര്‍ച്ചന പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അര്‍ച്ചന.
‘ബിഗില്‍ ചെയ്തുതീര്‍ത്തത് 200 കോടിക്കാണ്. ഗോട്ടിലേക്ക് എത്തിയപ്പോള്‍ വിജയ് സാറിന്റെ പ്രതിഫലം മാത്രം 200 കോടിയായി. ഗോട്ടിന്റെ കംപ്ലീറ്റ് ബജറ്റ് 400 കോടിയോളമാണ്. അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. ഒരു സ്റ്റാര്‍ എന്ന നിലയില്‍ മറ്റാര്‍ക്കും തൊടാനാകാത്ത ഉയരത്തിലാണ് വിജയ് സാര്‍ ഇപ്പോള്‍ ഉള്ളത്.
അദ്ദേഹത്തെ വെച്ച് ഇത്രയും പൈസ ചെലവിടുന്നത് തിരിച്ചുകിട്ടുമെന്ന് നൂറ് ശതമാനം ഉറപ്പുള്ളതുകൊണ്ട് മാത്രമാണ്. ബിഗിലിന് ശേഷം എല്ലായിടത്തും വിജയ് സാറിന്റെ മാര്‍ക്കറ്റ് വലുതായി. ആന്ധ്ര, കര്‍ണാടക, കേരള, നോര്‍ത്ത് ഇന്ത്യ, ഓവര്‍സീസ് എന്നിവിടങ്ങളില്‍ അദ്ദഹത്തിനുള്ള മാര്‍ക്കറ്റ് ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. വെറുതേ ഒരു ഭാഗ്യപരീക്ഷണമെന്ന നിലയിലല്ല ഗോട്ടില്‍ ഇത്രയും പൈസ ചെലവിടുന്നത്,’ അര്‍ച്ചന പറഞ്ഞു.
Content Highlight: Producer Archana Kalpathi saying half of the budget is Vijay’s remuneration in GOAT