മലയാള സിനിമയുടെ ഭാഗ്യവര്‍ഷം എന്ന് വേണമെങ്കില്‍ 2024 നെ പറയാം. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തിയേറ്ററിലെത്തിയ മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനിട്ടിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, ഗുരുവായൂരമ്പല നടയില്‍, ഭ്രമയുഗം, വര്‍ഷങ്ങള്‍ക്കുശേഷം, ടര്‍ബോ തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ തകര്‍ത്തപ്പോള്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയ്ക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രങ്ങള്‍ക്ക് പക്ഷേ ഇത്രയും തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
മലയാള സിനിമയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുയരുന്നതിനിടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഒരു കണക്ക് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
ഈ വര്‍ഷം ഇതുവരെയുള്ള ഇന്ത്യന്‍ സിനിമാ റിലീസുകളില്‍ നിര്‍മ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ചിത്രം ഏതെന്ന കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. മലയാളപ്രേക്ഷകരെയും ഇന്‍ഡസ്ട്രിയേയും സംബന്ധിച്ച് ഏറെ അഭിമാനകരമായ നേട്ടമെന്ന് വേണമെങ്കില്‍ പറയാവുന്നതാണ് ആ റിപ്പോര്‍ട്ട്.
ഈ വര്‍ഷത്തെ ഇന്ത്യന്‍ ചിത്രങ്ങളില്‍ നിര്‍മ്മാതാവിന് ഏറ്റവും ലാഭം നേടിക്കൊടുത്തത് ഒരു മലയാള ചിത്രമാണ്. മറ്റേതുമല്ല ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമലു തന്നെ.
3 കോടി ബജറ്റിലെത്തിയ ചിത്രം നേടിയ പ്രോഫിറ്റ് മാര്‍ജിന്‍ 4500 ശതമാനമാണെന്നും ഇത് റെക്കോര്‍ഡ് പ്രോഫിറ്റാണെന്നുമാണ് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്. 136 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കണക്ഷന്‍.
കല്‍ക്കി 2898 എഡി, സ്ത്രീ 2 എന്നീ ചിത്രങ്ങളൊക്കെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും ഇതിനെയെല്ലാം പ്രേമലു പിന്തള്ളിയതായാണ് കണക്കുകള്‍.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 570 കോടി നേടിയ ബോളിവുഡ് ചിത്രം സ്ത്രീ 2 ന്റെ ബജറ്റ് 60 കോടി ആയിരുന്നു. പ്രോഫിറ്റ് മാര്‍ജിന്‍ 850 ശതമാനം.
ഈ വര്‍ഷത്തെ മറ്റൊരു ശ്രദ്ധയ വിജയം തെലുങ്ക് ചിത്രം ഹനുമാന്‍ ആയിരുന്നു. 35 കോടി ബജറ്റിലെത്തിയ ചിത്രം 350 കോടിയാണ് കളക്റ്റ് ചെയ്തത്. 900 ശതമാനമാണ് പ്രോഫിറ്റ് മാര്‍ജിന്‍.
Content Highlight: Indias Most Profitable Movie in 2024 a Malayalam Movie