രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജീത്തു മാധവന്‍ കഥയെഴുതി ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് സജിന്‍ ഗോപു.
പൊന്മാനില്‍ നിന്നും ആവേശത്തില്‍നിന്നുമെല്ലാം തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് പൈങ്കിളിയിലേതെന്നും പൊന്മാനു പിന്നാലെ പൈങ്കിളി പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഒരേ സമയം സന്തോഷവും ടെന്‍ഷനുമുണ്ടെന്നും സജിന്‍ പറയുന്നു.
‘ഞാന്‍ ആദ്യമായി നായകനാകുന്ന ആ സിനിമയാണ് പൈങ്കിളി. ജിത്തു മാധവനാണ് ചിത്രത്തിന്റെ രചന. ഫഹദിക്കയും ജിത്തുവും കൂടിയാണ് സിനിമ നിര്‍മിക്കുന്നത്.
രോമാഞ്ചത്തിന്റെ ഒഡീഷനില്‍ വെച്ചാണ് ആദ്യമായി ജിത്തു മാധവനെ പരിചയപ്പെടുന്നത്. രോമാഞ്ചത്തില്‍ നിരൂപ് എന്ന നല്ലൊരു കഥാപാത്രം ചെയ്യാനായി, പിന്നാലെ ആവേശത്തില്‍ അമ്പാന്‍ എന്ന കഥാപാത്രവും സമ്മാനിച്ചു.
ഞാന്‍ പൊന്‍മാന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പൈങ്കിളി എന്ന പ്രോജക്ട് ഉണ്ടാകുന്നത്. ആവേശം ടീമിന്റെ റീയൂണിയന്‍ എന്നു പറയാം.
അതേ ടീമാണ് ഈ സിനിമയ്ക്കു പുറകില്‍. വളരെ രസകരമായി ഷൂട്ട് ചെയ്തൊരു പടമാണത്. ആള്‍ക്കാരെ മാക്സിമം എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്നതാണ് ‘പൈങ്കിളി’യുടെയും ലക്ഷ്യം.
പൊന്മാന്‍ ചെയ്യുമ്പോള്‍ എന്റെ ടെന്‍ഷന്‍ മുഴുവന്‍ അതായിരുന്നു: സജിന്‍ ഗോപു
കോമഡിക്കാണ് പ്രാധാന്യം. ഞാന്‍ ആ സിനിമയില്‍ ഒരു കഥാപാത്രം ചെയ്യുന്നുവെന്നേ വിചാരിച്ചിട്ടുള്ളൂ, അല്ലാതെ ഞാനാണ് നായകന്‍ എന്ന് ചിന്തിച്ചിട്ടില്ല. അതുകൊണ്ട് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. പൊന്മാനും പൈങ്കിളിയും ഒരുപോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ,’ സജിന്‍ പറയുന്നു.
Content Highlight: Sajin Gopu about Painkili movie