മമ്മൂട്ടിയെ നായകനാക്കി എം.മോഹനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കഥ പറയുമ്പോള്‍. ചിത്രത്തിന്റെ തിരക്കഥയും സഹനിര്‍മ്മാണവും നിര്‍വ്വഹിച്ചത് നടന്‍ ശ്രീനിവാസനായിരുന്നു. മമ്മൂട്ടി-ശ്രീനിവാസന്‍ കോമ്പോയിലെത്തിയ ചിത്രം വലിയ ഹിറ്റാവുകയും ചെയ്തു.
കഥ പറയുമ്പോള്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ എം. മോഹനന്‍. ആ ചിത്രത്തെ കുറിച്ച് ആദ്യം ആലോചിക്കുമ്പോള്‍ തന്റെ മനസില്‍ ഓര്‍മ വരിക മമ്മൂട്ടിയുടെ കരച്ചിലാണെന്ന് എം. മോഹനന്‍ പറയുന്നു.
‘ പെട്ടെന്ന് മനസില്‍ ഓര്‍മ വരുന്നത് മമ്മൂക്കയുടെ കരച്ചില്‍ തന്നെയാണ്. ആ കരച്ചില്‍ ഇപ്പോഴും മനസില്‍ കിടക്കുന്നുണ്ട്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ കരഞ്ഞതാണ്.
ശ്രീനിയേട്ടനും മമ്മൂക്കയുമായുള്ള റിലേഷന്‍ഷിപ്പില്‍ മമ്മൂക്ക പ്രസംഗിക്കുമ്പോള്‍ ശ്രീനിയേട്ടന്‍ കരയുന്നതും മമ്മൂക്ക കരയുന്നതും നമ്മള്‍ കാണുന്നുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ എന്ന് വരെ നമുക്ക് അപ്പോള്‍ തോന്നിപ്പോകും.
സ്‌ക്രിപ്റ്റിന്റെ കയ്യെഴുത്ത് കോപ്പി എന്റെ കയ്യില്‍ കിട്ടുമ്പോള്‍ ആ പേപ്പര്‍ നനഞ്ഞിട്ടുണ്ടായിരുന്നു. എഴുതുമ്പോള്‍ നാച്ചുറലി കരച്ചില്‍ വന്നതാണ്. സീന്‍ വായിച്ചുകൊടുക്കുമ്പോള്‍ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞിരുന്നു. സ്‌റ്റേജില്‍ ഷൂട്ട് ചെയ്യുമ്പോഴും അദ്ദേഹം റിയലായി കരഞ്ഞു.
അത് ശരിക്കും റിഹേഴ്‌സല്‍ ആയിരുന്നു. ഫിലിമില്‍ ആയിരുന്നല്ലോ അന്നൊക്കെ ഷൂട്ട്. അങ്ങനെ റിഹേഴ്‌സലിന് വേണ്ടി ചെയ്യുമ്പോള്‍ ഞാന്‍ ക്യാമറാമാന്‍ സുകുവേട്ടനോട് നമുക്ക് ഇത് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞു.
അഥവാ വീണ്ടും കിട്ടിയില്ലെങ്കിലോ എന്ന തോന്നിയിട്ടാണ് പറഞ്ഞത്. അങ്ങനെ രണ്ട് ക്യാമറയും റോള്‍ ചെയ്തു. ഒരു റിയല്‍ സംഭവം നടക്കുന്നപോലെയാണ് നമുക്ക് തന്നെ ഫീല്‍ ചെയ്തത്.
പിന്‍ ഡ്രോപ് സൈലസ് ആയിരുന്നു അവിടെ. മൂന്നാലഞ്ച് ഷോട്ടായി പ്ലാന്‍ ചെയ്‌തെങ്കിലും ഒറ്റ ഷോട്ടായി നമുക്കത് കിട്ടി. കട്ട് പറയാന്‍ പോലും പറ്റിയില്ല. മമ്മൂക്കയ്ക്ക് എട്ട് ദിവസത്തെ ഷൂട്ടായിരുന്നു. അദ്ദേഹം ഒരു രൂപ പോലം പ്രതിഫലം വാങ്ങാതെയാണ് വന്ന് അഭിനയിച്ചത്,’ എം. മോഹനന്‍ പറയുന്നു.
Content Highlight: M Mohanan about Mammootty