ജോണി ആന്റണി സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ സിനിമയാണ് തോപ്പില്‍ ജോപ്പന്‍. മമ്മൂട്ടി നായകനായ ഈ സിനിമയില്‍ മംമ്ത മോഹന്‍ദാസ്, ആന്‍ഡ്രിയ, സലിംകുമാര്‍, അലന്‍സിയര്‍, രണ്‍ജി പണിക്കര്‍, സുധീര്‍ സുകുമാരന്‍, കവിയൂര്‍ പൊന്നമ്മ, ഹരിശ്രീ അശോകന്‍, സാജു നവോദയ, ശ്രീജിത്ത് രവി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ഈ സിനിമയിലേക്ക് തന്നെ അഭിനയിക്കാനായി വിളിച്ചിരുന്നെന്ന് പറയുകയാണ് അജു വര്‍ഗീസ്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് താന്‍ എല്ലാ സംവിധായകരോടും ചാന്‍സ് ചോദിച്ചിട്ടുണ്ടെന്നും ഇപ്പോഴും അതുപോലെ തന്നെ ചാന്‍സ് ചോദിക്കുന്നുണ്ടെന്നും നടന്‍ പറയുന്നു.
തോപ്പില്‍ ജോപ്പനിലെ ഒരു കഥാപാത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നെന്നും പക്ഷെ ആ സമയത്ത് പോകാന്‍ പറ്റിയില്ലെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ സ്വര്‍ഗത്തിന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ഞാന്‍ എല്ലാ സംവിധായകരോടും ചാന്‍സ് ചോദിച്ചിട്ടുണ്ട്. ഇപ്പോഴും അതുപോലെ തന്നെ ചാന്‍സ് ചോദിക്കുന്നുണ്ട്. ജോണി ചേട്ടനോട് (ജോണി ആന്റണി) ചാന്‍സ് ചോദിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, അദ്ദേഹത്തിന്റെ ഒരു പടത്തില്‍ എന്നെ വിളിച്ചിരുന്നു. തോപ്പില്‍ ജോപ്പനിലെ ഒരു കഥാപാത്രത്തിലേക്കായിരുന്നു വിളിച്ചിരുന്നത്. പക്ഷെ ആ സമയത്ത് എനിക്ക് പോകാന്‍ പറ്റിയില്ല,’ അജു വര്‍ഗീസ് പറയുന്നു.
എന്നാല്‍ താന്‍ ആരോടും സിനിമയിലേക്ക് ചാന്‍സ് ചോദിക്കാറില്ലെന്നും സംവിധായകനായത് കൊണ്ട് മടിയാണെന്നും ജോണി ആന്റണി അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ സംവിധായകന്‍ ബ്ലെസിയോട് അടുത്ത പടത്തില്‍ വിളിക്കണമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു.
ആടുജീവിതത്തിന് താനില്ലെന്നും മരുഭൂമിക്ക് പകരം എറണാകുളത്തോ മറ്റോ മതിയെന്നും താന്‍ ബ്ലെസിയോട് പറയുകയായിരുന്നുവെന്ന് ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ബ്ലെസി അടുത്ത സിനിമയിലേക്ക് വിളിക്കുമെന്ന് വാക്ക് തന്നതായും അദ്ദേഹം പറഞ്ഞു.
Content Highlight: Aju Varghese Talks About Mammootty’s Thoppil Joppan Movie