ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഇത് വലിയ വെല്ലുവിളികളുടെ സമയം: അല്ലു അര്‍ജുന്‍

/

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും ഈ വിഷമഘട്ടത്തില്‍ തനിക്കൊപ്പം നിന്നവരോടുള്ള നന്ദി രേഖപ്പെടുത്തുകയാണെന്നും നടന്‍ അല്ലു അര്‍ജുന്‍. ജയില്‍മോചിതനായ ശേഷമായിരുന്നു അല്ലുവിന്റെ പ്രതികരണം.

‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ കുടുംബത്തിന് ഇത് വലിയ വെല്ലുവിളികളുടെ സമയം ആയിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പമാണ് ഞാന്‍. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി. കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി’, അല്ലു അര്‍ജുന്‍ പ്രതികരിച്ചു.

‘പുഷ്പ 2’ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിലാണ് ഇന്നലെ അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു രാത്രി മുഴുവന്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിഞ്ഞശേഷം രാവിലെയാണ് താരം പുറത്തിറങ്ങിയത്. ജയിലിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയതിനാല്‍ പിന്നിലെ ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്.

അതേസമയം ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലു അര്‍ജുനെ പുറത്തിറക്കാത്തതില്‍ ജയില്‍ അധികൃതര്‍ ഉത്തരം പറയേണ്ടി വരുമെന്നും നിയമപരമായി നേരിടുമെന്നും അല്ലുവിന്റെ അഭിഭാഷകന്‍ അശോക് റെഡ്ഡി വ്യക്തമാക്കി.

തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തിലാണ് അല്ലുവിന് ജയിലില്‍ കഴിയേണ്ടി വന്നത്.

ഏകദേശം രാത്രി 11 മണിയോടെയാണ് ഇടക്കാല ജാമ്യ ഉത്തരവ് ചഞ്ചല്‍ഗുഡ ജയില്‍ സൂപ്രണ്ടിന് ലഭിച്ചത്. തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ല. ജയിലിലെ എ1 ബാരക്കിലാണ് അല്ലു കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നാലാഴ്ച്ചത്തെ ജാമ്യം നല്‍കിയത്.

അല്ലു അര്‍ജുനൊപ്പം സംഭവം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റര്‍ ഉടമകളും ജയില്‍ മോചിതരായി. ഇവര്‍ക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അര്‍ജുനൊപ്പം വിട്ടയച്ചു.

Content Highlight: Allu Arjun First Response after jail release

 

Exit mobile version