ആ സിനിമയിലെ ഫൈറ്റിനിടെ ഞാന്‍ ജയന്‍ സാറിനെപ്പോലെ മരിക്കേണ്ടതായിരുന്നു: അര്‍ജുന്‍

ചെറുപ്രായത്തില്‍ തന്നെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് അര്‍ജുന്‍ സര്‍ജ. ആക്ഷന്‍ രംഗങ്ങളിലെ മെയ്‌വഴക്കവും പെര്‍ഫക്ഷനും കണ്ട ആരാധകര്‍ ആക്ഷന്‍ കിങ് എന്ന് അര്‍ജുനെ അഭിസംബോധന ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 150ലധികം സിനിമകള്‍ ചെയ്ത അര്‍ജുന്‍ തന്റെ കരിയറിലെ ഏറ്റവും റിസ്‌കിയായിട്ടുള്ള ആക്ഷന്‍ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ്.

Also Read അക്കൗണ്ടിലേക്ക് പൈസ വന്നപ്പോള്‍ അഞ്ച് ലക്ഷം കൂടുതല്‍; മോളുടെ കല്യാണത്തിനുള്ള പൃഥ്വിരാജിന്റെ ഗിഫ്റ്റാണെന്ന് കരുതി: ബൈജു

തന്റെ ആദ്യചിത്രമായ ചന്ദ്രഗിരിക്കോട്ടൈയിലാണ് കരിയറില്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും റിസ്‌കിയായ ആക്ഷന്‍ സീന്‍ ഉണ്ടായിരുന്നതെന്ന് അര്‍ജുന്‍ പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അമരീഷ് പുരി സഞ്ചരിക്കുന്ന ഹെലികോപ്റ്ററില്‍ തൂങ്ങിപ്പിടിച്ച് കിടക്കുന്ന സീനുണ്ടെന്നും ആ സമയത്തെ ധൈര്യത്തില്‍ ഡ്യൂപ്പൊന്നുമില്ലാതെ ചെയ്യാന്‍ തീരുമാനിച്ചെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹെലികോപ്റ്ററിന്റെ കമ്പി താന്‍ വിചാരിച്ചതിലും വലുതായിരുന്നെന്നും തനിക്ക് ഗ്രിപ്പ് കിട്ടിയില്ലെന്നും അര്‍ജുന്‍ പറഞ്ഞു.

കാല് കൂടി ആ കമ്പിയില്‍ ചുറ്റിവെച്ചാണ് സീന്‍ പൂര്‍ത്തിയാക്കിയതെന്നും പിന്നീട് ആ ഹെലികോപ്റ്ററിന്റെ ക്യാപ്റ്റന്‍ ജയന്‍ സാറിന്റെ കഥ തന്നോട് പറഞ്ഞുവെന്നും അര്‍ജുന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാരം കാരണമാണ് ആ ഹെലികോപ്റ്ററിന്റെ ബാലന്‍സ് നഷ്ടപ്പെട്ടതെന്നും തനിക്ക് ഭാരം കുറവായതുകൊണ്ടാണ് അപകടമുണ്ടാകാത്തതെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read ഗോട്ട് ഇറങ്ങുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും എല്ലാവരെയും ഞെട്ടിക്കും: വെങ്കട് പ്രഭു

‘എന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും റിസ്‌കിയായിട്ടുള്ള ആക്ഷന്‍ സീന്‍ എന്റെ ആദ്യസിനിമയിലേതാണ്. ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് വെറും 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ക്ലൈമാക്‌സില്‍ അമരീഷ് പുരി സഞ്ചരിക്കുന്ന ഹെലികോപ്റ്ററില്‍ തൂങ്ങിപ്പിടിച്ച് പോകുന്ന ഒരു ഷോട്ടുണ്ട്. ആ സമയത്തെ ധൈര്യത്തില്‍ ഞാനത് ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ അതിന്റെ കമ്പി ഞാന്‍ വിചാരിച്ചതിലും വലുതായിരുന്നു.

ഒരുവിധത്തില്‍ പിടിച്ചുനിന്നപ്പോള്‍ കാറ്റടിച്ച് കൈ സ്ലിപ്പാകാന്‍ തുടങ്ങി. ആ കമ്പിയിലേക്ക് രണ്ട് കാലും പിണച്ചുവെച്ച് നിന്നു. പിന്നീട് കുറച്ചുദിവസം കഴിഞ്ഞാണ് ബാക്കി സീനുകള്‍ എടുത്തത്. ആ സമയത്ത് അതിന്റെ ക്യാപ്റ്റന്‍ ജയന്‍ സാറിനുണ്ടായ അപകടത്തെപ്പറ്റി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാരം കാരണമാണ് അന്ന് ആ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതെന്നും ഭാരം കുറവായതുകൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു തന്നു. പിന്നീട് അത്രക്ക് റിസ്‌കുള്ള ആക്ഷന്‍ സീന്‍ ഞാന്‍ ചെയ്തിട്ടില്ല,’ അര്‍ജുന്‍ പറഞ്ഞു.

Content Highlight: Arjun Sarja share about the risky stunt in his whole career

Exit mobile version