അമ്മ മീറ്റിങ്ങിന് പിന്നാലെ നടന്‍ സിദ്ദിഖിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന തന്റെ വീഡിയോ തെറ്റായ തലക്കെട്ടില്‍ പ്രചരിക്കുന്നതില്‍ വിമര്‍ശനവുമായി നടി ബീന ആന്റണി.
രാജിവച്ച സിദ്ദിഖിന് നടിമാര്‍ യാത്ര അയപ്പ് നല്‍കുന്നു എന്ന തരത്തിലായിരുന്നു വിഡിയോ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബീന ആന്റണി എത്തിയത്.
സിദ്ദിഖിന്റെ മകന്‍ സാപ്പി മരിച്ചതിനു ശേഷം അദ്ദേഹത്തെ ‘അമ്മ’ മീറ്റിങില്‍ വച്ചു കണ്ടപ്പോള്‍ ആശ്വസിപ്പിക്കുന്ന വിഡിയോയാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് ബീന ആന്റണി പറഞ്ഞത്.
മരണം എന്നത് ഓരോ ആളിനെയും ജീവിതത്തില്‍ നടക്കുമ്പോള്‍ മാത്രമേ അതിന്റെ ദുഃഖം അറിയാന്‍ പറ്റൂ. പുറത്തു നില്‍ക്കുന്നവര്‍ക്ക് അത് തമാശ ആയിരികും. എന്റെ അപ്പച്ചന്‍ മരിച്ചപ്പോഴും എന്റെ ചേച്ചിയുടെ മകന്‍ മരിച്ചപ്പോഴും സിദ്ദിഖ് ഇക്ക എന്നെ വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. ഒരു സഹോദരി എന്ന നിലയില്‍ ആണ് അദ്ദേഹം എന്നെ കാണുന്നത്.
ഇക്കയുടെ പേരില്‍ ഒരു ആരോപണം വന്നു, ഒരു സ്ത്രീ വന്ന് പലതും പറഞ്ഞു. അവര്‍ക്ക് അങ്ങനെ സംഭവിച്ചെങ്കില്‍ നിയമത്തിന്റെ മുന്നില്‍ വരട്ടെ. സിദ്ദിക്ക് ഇക്ക അങ്ങനെ ചെയ്‌തെങ്കില്‍ ശിക്ഷ കിട്ടട്ടെ. ഞാന്‍ അതിലേക്ക് ഒന്നും പോകുന്നില്ല.
അദ്ദേഹത്തിന്റെ വേദനയില്‍ ഞാന്‍ പങ്കുചേര്‍ന്നതാണത്. അതിനെ എടുത്ത് വലിയ തലക്കെട്ട് ഒക്കെ ഇട്ട്, ‘വിരമിക്കുന്ന സിദ്ദിഖിന് നടിമാര്‍ കൊടുക്കുന്ന യാത്രയയപ്പ്’ എന്നൊക്കെ ആക്കി വരുമ്പോള്‍ ഒരുപാട് സങ്കടം തോന്നി.
ഇതൊന്നും അറിയാത്ത പ്രേക്ഷകര്‍ അറിയാന്‍ വേണ്ടിയാണ് ഞാന്‍ പറയുന്നത്. ഇതാണ് സംഭവം. ഇതിനെയാണ് വളച്ചുകെട്ടി ട്രോള്‍ ആക്കി ഇങ്ങനെ ഒക്കെ പറയുന്നത്. വലിയ സങ്കടം തോന്നിയതുകൊണ്ടാണ് ഞാന്‍ ഇത് ഇവിടെ വന്നു പറഞ്ഞത്.
സാപ്പി മരിച്ച സമയത്ത് എന്റെ സഹപ്രവര്‍ത്തകര്‍ എല്ലാം അവിടെ പോയിരുന്നു. ആ സമയത്ത് എനിക്ക് പനിയായി കിടപ്പായിരുന്നു. പിന്നെ ഞങ്ങള്‍ കാണുന്നത് ‘അമ്മ’യുടെ ജനറല്‍ ബോഡിക്ക് ആണ്. അവിടെ ചെന്നപ്പോള്‍ സിദ്ദിഖ് ഇക്ക താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ച ഒരു ദൃശ്യമാണ് നിങ്ങള്‍ കാണുന്നത്, ബീന ആന്റണി പറഞ്ഞു.