‘ഗുരുവായൂരമ്പല നടയിലാ അവന്റെയൊരു ജംസ് കച്ചോടം’ ഈ ഡയലോഗ് തിയേറ്ററില്‍ പടര്‍ത്തിയ ചിരിക്ക് കണക്കില്ല. ഗുരുവായൂരമ്പല നടയില്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റേയും മനസിനെ 22 വര്‍ഷം പിറകിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ്.
നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയുടെ ഉണ്ണിയേട്ടനായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അരവിന്ദിന്റെ ഗുരുവായൂരമ്പല നടയിലെ കഥാപാത്രത്തേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തിലേക്കുള്ള തന്റെ എന്‍ട്രിയെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ വേദിയില്‍ അരവിന്ദ്.
ഗുരുവായൂരപ്പന്റെ ഒരു റോളുണ്ടെന്നും വന്ന് അഭിനയിക്കാമോ എന്ന് ചോദിച്ചുകൊണ്ടുള്ള ആ കോള്‍ കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് അരവിന്ദ് പറഞ്ഞത്.
‘ സുപ്രിയ മേനോനോടും ഹാരിസ് ബ്രോയോടും റെനിയോടുമൊക്കെയുള്ള നന്ദി ഞാന്‍ പറയുകയാണ്. എനിക്ക് ഒരു ഫോണ്‍ കോളാണ് ആദ്യം വന്നത്. പൃഥ്വിരാജ് പ്രൊഡക്ഷനില്‍ ഒരു പടം വരുന്നുണ്ട്. അതില്‍ ഗുരുവായൂരപ്പന്റെ ഒരു റോള്‍ ഉണ്ട്, വന്ന് അഭിനയിക്കാമോ എന്ന് ചോദിച്ചു.
ഞാന്‍ ഷോക്കായി പോയി. ഒന്നാമത്തേത് ഇങ്ങനെ ഒരു അവസരം എനിക്ക് ഇതിന് മുമ്പ് വന്നിട്ടില്ല. ഞാനും പൃഥ്വിയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂരമ്പലത്തിന്റെ പശ്ചാത്തലത്തില്‍ നന്ദനം ചെയ്തിട്ടുണ്ട്.
22 വര്‍ഷങ്ങള്‍ക്കിപ്പുറം പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ഒരു അവസരം കിട്ടുകയാണ്. ഇ 4 എന്റര്‍ടൈന്‍മെന്‍സിനോടും സുപ്രിയയോടും നന്ദി പറയുകയാണ്.
ഒരുപാട് സന്തോഷത്തിലാണ് ഞാന്‍. ആദ്യത്തെ സെക്കന്റില്‍ തന്നെ ഞാന്‍ റെഡിയാണെന്ന് പറഞ്ഞു. മറ്റൊന്നും എനിക്ക് ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല.
ടിക്കറ്റ് എടുത്തു, വന്നു, ഷൂട്ട് കഴിഞ്ഞു പോയി. ഇതൊരു വലിയ ഹിറ്റാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇങ്ങനെ ഒരു കഥാപാത്രത്തെ വീണ്ടും ഈ രീതിയില്‍ കാണിക്കാമെന്ന് ചിന്തിച്ച വിപിന്‍ദാസ് സാറിനോടുള്ള നന്ദി അറിയിക്കുകയാണ്.
പിന്നെ കേരളത്തിലെ ജനങ്ങളോടുള്ള നന്ദി പറയുകയാണ്. എനിക്ക് എല്ലാം നിങ്ങള്‍ തന്നതാണ്. പൃഥ്വിരാജ്, നിങ്ങള്‍ എന്ന് പടം എടുത്താലും എന്നെ മറക്കരുത്. ഞാന്‍ ഈ വേദിയില്‍ നിങ്ങളോട് ചാന്‍സ് ചോദിക്കുകയാണ്.
അതുപോലെ ബേസില്‍ ബ്രോ. ആരും എന്നെ മറക്കരുത്. എല്ലാവരും സന്തോഷത്തോടെ എടുത്ത പടമാണ് ഗുരുവായൂരമ്പല നടയില്‍ അതുകൊണ്ട് തന്നെയാണ് ഈ , സിനിമ വിജയിച്ചതും. കേരളക്കരയോടുള്ള എന്റെ സ്‌നേഹം അറിയിക്കുന്നു.. ലവ് യൂ,’ അരവിന്ദ് പറഞ്ഞു.