ആ സിനിമയോടെ കോളേജ് കൗമാര കഥാപാത്രങ്ങളില്‍ നിന്ന് ആസിഫിന് ഒരു മാറ്റം കിട്ടി: ദിന്‍ജിത്ത് അയ്യത്താന്‍

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ചിത്രത്തില്‍ നായികയായി എത്തുന്നത് അപര്‍ണ ബാലമുരളിയാണ്. അപര്‍ണ മുരളി – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’.

അവര്‍ക്ക് പുറമെ ജഗദീഷ്, വിജയരാഘവന്‍, അശോകന്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ആസിഫ് അലിയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: രാജുവേട്ടന് ചില സൂപ്പര്‍ പവറുകള്‍ ഉള്ളതായി തോന്നിയിട്ടുണ്ട്: ടൊവിനോ

‘കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ഏറ്റവും അധികം ആത്മവിശ്വാസം തന്നിട്ടുള്ള വ്യക്തിയാണ് ആസിഫ് അലി. സത്യത്തില്‍ കോളേജ് കൗമാര കഥാപാത്രങ്ങളില്‍ നിന്ന് ആസിഫിന് ഒരു മാറ്റം കൊടുത്ത സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള.

ആസിഫിനെ ആളുകള്‍ ഒരു ചേട്ടന്‍ എന്നുള്ള നിലയില്‍ കാണാന്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. വക്കീല്‍ വേഷവും ആസിഫിന് അന്ന് പുതുമ നിറഞ്ഞതായിരുന്നു. അന്ന് തൊട്ടേ പ്രകടനത്തിന്റെ കാര്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയ ആളാണ് ആസിഫ്.

ആസിഫിനെ ശരിക്കും ആരും ഉപയോഗിച്ചില്ലെന്ന കാര്യം അന്ന് മുതലേ ഞാന്‍ ആലോചിക്കുന്നതാണ്. എന്നാല്‍ ഈ പറഞ്ഞതിന്റെയെല്ലാം പരിണിത ഫലമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ. സത്യത്തില്‍ കക്ഷി അമ്മിണിപ്പിള്ള കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാണ് കെട്ട്യോളാണ് എന്റെ മാലാഖയെന്ന സിനിമ നടക്കുന്നത്.

Also Read: തൊമ്മനും മക്കളും സിനിമയിലെ ടൈറ്റില്‍ റോളില്‍ ആദ്യം മനസിലുണ്ടായിരുന്നത് മോഹന്‍ലാല്‍: ബെന്നി പി. നായരമ്പലം

ശരിക്കും കുടുംബ പ്രേക്ഷകര്‍ക്ക് ആസിഫിനോട് ഉണ്ടായിരുന്ന സ്‌നേഹം നന്നായി മനസിലായത് ആ സിനിമയിലൂടെയായിരുന്നു. നമുക്ക് എന്തും സംസാരിക്കാന്‍ ഇടം തരുന്ന ഒരു നടനാണ് ആസിഫ് അലി. അദ്ദേഹത്തിന് പണ്ടൊക്കെ ഒരു കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയാന്‍ ഒരു മടിയുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് തന്നെ പറയും. ആസി ഇപ്പോള്‍ സെലക്ടീവായെന്ന് വേണം പറയാന്‍. കുറേക്കൂടെ ആത്മവിശ്വാസമുള്ള ഒരു നടനായി ആസിഫ് ഇന്ന് മാറിയിട്ടുണ്ട്. ഒരു കഥ കേട്ടാല്‍ അത് വേണോ വേണ്ടയോയെന്നുള്ള കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുന്ന രൂപത്തിലേക്ക് ആസി ഇപ്പോള്‍ മാറിയിട്ടുണ്ട്,’ ദിന്‍ജിത്ത് അയ്യത്താന്‍ പറഞ്ഞു.

Content Highlight: Dinjith Ayyathan Talks About Kakshi Amminipilla And Asif Ali

 

 

Exit mobile version