നമ്മുടെ ചുറ്റിലും ഒരുപാട് ഫാത്തിമമാര്‍ ഉണ്ട്, എന്റെ ചുറ്റുമുള്ള കാഴ്ചകളാണ് ഫെമിനിച്ചി ഫാത്തിമ: സംവിധായകന്‍

/

രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയെന്ന ചിത്രം.

മികച്ച ജനപ്രിയ ചിത്രം, മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം, പ്രത്യേക ജൂറി പരാമര്‍ശം, മികച്ച തിരക്കഥയ്ക്കുള്ള പ്രത്യേക പരാമര്‍ശം തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം നേടിയെടുത്തത്.

സമൂഹത്തിലെ ഓരോ വീട്ടകങ്ങളിലും നടക്കുന്ന കാഴ്ചകളാണ് നര്‍മത്തിന്റെ മേമ്പൊടിയോടെ ചിത്രത്തില്‍ സംവിധായകന്‍ പറഞ്ഞുവെക്കുന്നത്. പൊന്നാനിയിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

തന്റെ ചുറ്റുമുള്ള കാഴ്ചകളാണ് ഫെമിനിച്ചി ഫാത്തിമയിലേക്ക് പകര്‍ത്തിയിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

കഥ നേരിട്ട് പറഞ്ഞുപോകുകയാണെങ്കില്‍ അത് പ്രേക്ഷകന് കണക്ട് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും അതുകൊണ്ട് തന്നെ ആളുകളെ രസിപ്പിക്കുന്ന തരത്തില്‍ ഹാസ്യവും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

‘എന്റെ ചുറ്റുമുള്ള കാഴ്ചകളാണ് ഫെമിനിച്ചി ഫാത്തിമയിലേക്ക് ഞാന്‍ പകര്‍ത്തിയിരിക്കുന്നത്. എന്റെ സ്ഥലം പൊന്നാനിയാണ്. നമ്മുടെ ചുറ്റിലും ഒരുപാട് ഫാത്തിമമാര്‍ ഉണ്ട്. അത്തരത്തില്‍ അനുഭവങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ടാണ് ഈ സിനിമ ഉണ്ടായത്. എല്ലാവര്‍ക്കും കണക്ട് ചെയ്യുന്ന വിഷയമാണിത്.

നമ്മുടെ നാട്ടിലെ എല്ലാ സ്ത്രീകളുടെയും ഉള്ളില്‍ ഫെമിനിസം ഉണ്ട്. ഭൂരിഭാഗം സ്ത്രീകള്‍ക്കും അങ്ങനെ ഒരു വികാരം എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; അഹങ്കാരം കൊണ്ട് ഞാന്‍ ഒഴിവാക്കിയ സിനിമ: വിന്‍സി അലോഷ്യസ്

സമൂഹത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഈ നാട്ടില്‍ ഒരു സ്ത്രീക്കുള്ള പ്രസക്തി എന്ത്? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ പല സ്ത്രീകളുടെയും ഉള്ളിലുണ്ട്. ഇതുപോലുള്ള ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന ധാരാളം സ്ത്രീകളുടെ പ്രതിനിധിയാണ് ഫാത്തിമ.

കഥ നേരിട്ട് പറഞ്ഞുപോകുകയാണെങ്കില്‍ അത് പ്രേക്ഷകന് കണക്ട് ചെയ്യുക ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ ആളുകളെ രസിപ്പിക്കുന്ന തരത്തില്‍ ഹാസ്യവും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നെഗറ്റീവായി വിഷയത്തെ സമീപിക്കുന്നതില്‍ നിന്ന് തമാശരൂപേണയുള്ള അവതരണം പോസിറ്റീവായി ചിന്തിക്കാന്‍ ഏറെ സഹായകരമായിട്ടുണ്ട്,’ ഫാസില്‍ മുഹമ്മദ് പറയുന്നു.

ആ സിനിമയില്‍ അഭിനയിക്കുമ്പോഴൊക്കെ ഞാന്‍ അസ്വസ്ഥനായിരുന്നു: വിനീത് കുമാര്‍

‘നമ്മുടെ അയല്‍പ്പക്കത്തുള്ള പലരും ഫാത്തിമയെ പോലെയാവാം. അവസരം കിട്ടിയിട്ടും എങ്ങുമെത്താതെ വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വന്നവര്‍. അവരുടെ പ്രതിനിധിയാണ് ഫാത്തിമ’, എന്നായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ഷംല ഹംസ പറഞ്ഞത്.

Content Highlight: Director Fazil Muhammed about Feminichi Fathima Movie

Exit mobile version