രാജ് ബി. ഷെട്ടി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്ത രുധിരം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
രാജ് ബി. ഷെട്ടിയുടെ ആദ്യ മലയാള ചിത്രമായിട്ടാണ് രുധിരം അനൗണ്‍സ് ചെയ്യപ്പെട്ടതെങ്കിലും ചിത്രം തിയേറ്ററുകളിലെത്താന്‍ പിന്നേയും വൈകി.
രാജ് ബി. ഷെട്ടിയിലേയ്ക്കും അപര്‍ണയിലേക്കും താന്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിഷോ.
ഒരുപാട് നായകന്‍മാരെ ആ കഥാപാത്രത്തിനായി താന്‍ സമീപിച്ചെന്നും എന്നാല്‍ പലരുടേയും മറുപടി നോ ആയിരുന്നെന്നും ജിഷോ പറയുന്നു.
‘കേന്ദ്ര കഥാപാത്രങ്ങളായി അങ്ങനെ ആരും തന്നെ മനസില്‍ ആദ്യം ഉണ്ടായിരുന്നില്ല. കഥ എഴുതി ആദ്യം തന്നെ സംസാരിക്കുന്നത് അപര്‍ണയോടായിരുന്നു.
അപര്‍ണയുടെ പോസീറ്റീവ് റെസ്പോണ്‍സ് കൂടെയായപ്പോള്‍ സ്വാതിയായി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മാത്യു റോസി എന്ന കഥാപാത്രത്തിനായി കുറച്ചധികം പേരെ പോയി കണ്ടിരുന്നു. പക്ഷേ അവര്‍ക്കൊന്നും പല രീതിയിലും ആ കഥാപാത്രം കണക്ടായിരുന്നില്ല.
അങ്ങനെ ഒരു പെര്‍ഫോമറെ തിരഞ്ഞ് എത്തിയത് രാജിന്റെ പക്കലായിരുന്നു.പലരോടും കഥ പറഞ്ഞപ്പോള്‍ മറുപടി നോ ആയതുകൊണ്ട് തന്നെ അത്രയ്ക്കും പേടിയില്ലാതെയാണ് രാജിനെ സമീപിച്ചത്.
എന്നാല്‍ അദ്ദേഹം കഥയ്ക്ക് ഓകെ പറയുകയാണുണ്ടായത്.
ഒരു സംവിധായകന്‍ പറയുന്ന കാര്യങ്ങള്‍ ഒരു അഭിനേതാവിന് ശരിയായി മനസിലാകുന്നുവെന്ന് പറയുന്നത് വളരെ സുഖമുള്ള കാര്യമാണ്. അദ്ദേഹം ഒരു ടെക്നീഷ്യന്‍ കൂടെയാണ്.
അതുകൊണ്ട് തന്നെ കമ്മ്യൂണിക്കേഷന്‍ വളരെ എളുപ്പമായിരുന്നു. അപര്‍ണയും അതുപോലെ തന്നെ. നാഷണല്‍ അവാര്‍ഡ് ജേതാവായിരുന്നല്ലോ അപര്‍ണ.
സിനിമയില്‍ അവരുടേതായ രീതിയില്‍ കഴിവ് തെളിയിച്ച ആളുകളാണ് ഇവര്‍ രണ്ട് പേരും. കുറച്ച് കൂടി കാര്യങ്ങള്‍ എനിക്ക് അനായാസമായിരുന്നു അവരോട് പറയാന്‍.
ഞാന്‍ ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് അവര്‍ക്ക് അറിയാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ വളരെ കംഫര്‍ട്ടബിളായിരുന്നു ഇവരുമായി വര്‍ക്ക് ചെയ്യാന്‍.
രാജ് സാര്‍ ഇത്രയും സിനിമ ചെയ്ത നടനാണെങ്കിലും സ്‌ക്രിപ്റ്റില്‍ ഒരിക്കലും കൈകടത്തിയിരുന്നില്ല,’ ജിഷോ പറയുന്നു.
Content Highlight: Director Jisho about Rudhiram Movie and Raj B Shetty