മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ഭ്രമയുഗം എന്നീ ഹിറ്റ് സിനിമകളുടെ റിലീസിന് പിന്നാലെയായിരുന്നു അത്തരമൊരു വിമര്‍ശനം ഉയര്‍ന്നത്.
മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.
ചില സിനിമകളില്‍ സ്ത്രീ പ്രാതിനിധ്യമില്ല എന്നത് ശരിയാണെന്നും എന്നാല്‍ മലയാള സിനിമ ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃതമായ വിഷയങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ടെന്നുമായിരുന്നു ജിയോ ബേബി പറഞ്ഞത്.
‘ ചില സിനിമകളില്‍ സ്ത്രീ പ്രാതിനിധ്യമില്ല എന്നത് ശരി തന്നെ. പക്ഷേ ഇപ്പോള്‍ മലയാള സിനിമ സ്ത്രീ കേന്ദ്രീകൃതമായ വിഷയങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്.
എങ്കിലും നിലവിലുള്ള പുരുഷ കേന്ദ്രീകൃതമായ അവസ്ഥകള്‍ സിനിമകളിലും പ്രതിഫലിക്കാറുണ്ട്. ആ അവസ്ഥ മാറണം. മലയാള സിനിമ അത്തരമൊരു മാറ്റത്തിന്റെ പാതയിലാണ്.
ആശങ്കപ്പെടുമ്പോഴും പ്രതീക്ഷയ്ക്ക് വക നല്‍കുന്നവയാണ് അടുത്തിറങ്ങിയ പല സിനിമകളും. നല്ല സിനിമകള്‍ ഇറങ്ങുന്ന ഇടമായിക്കൂടിയാണ് ഇപ്പോള്‍ മലയാള സിനിമ പുറത്തറിയപ്പെടുന്നത്,’ ജിയോ ബേബി പറയുന്നു.
സ്വന്തം സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചും ജിയോ ബേബി സംസാരിച്ചു. ‘ സ്ത്രീകളെ സംരക്ഷിക്കാന്‍ ഒരാളുടേയും ആവശ്യമില്ല. അവര്‍ക്ക് അവരുടേതായ ഇടവും സ്വാതന്ത്ര്യവും ഉണ്ട് എന്ന ബോധ്യത്തിലാണ് എന്റെ സ്ത്രീ കഥാപാത്രങ്ങള്‍ നിലനില്‍ക്കുന്നത്.
ജീവിതത്തില്‍ ഞാന്‍ പലയിടങ്ങളില്‍ കണ്ടുപരിചയിച്ചിട്ടുള്ള പെണ്ണുങ്ങളുടെ ഛായയാണവര്‍ക്ക്. പല പ്രശ്‌നങ്ങളില്‍ നിന്നും ധൈര്യത്തോടെ പുറത്തുവന്നവര്‍. അതിനെ നേരിടാന്‍ അവരെടുക്കുന്ന സ്‌ട്രെയിന്‍ ഒട്ടും ചെറുതല്ല.
എന്റെ സിനിമകളില്‍ അത്തരം കഥാപാത്രങ്ങളെ ഞാന്‍ മനപൂര്‍വം കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ട്. അധികം കണ്ടുശീലിക്കാത്ത സ്ത്രീകളാണിവരെല്ലാം എന്നതുകൊണ്ട് അത്തരക്കാരില്ല എന്ന് പറയാനാവില്ലല്ലോ,’ ജിയോ ബേബി ചോദിക്കുന്നു.
Content Highlight: Jeo Baby about Women Centric Movies In Malayalam