‘ഇത് റിവ്യൂവല്ല, ബോധപൂര്‍വം സിനിമയെ നശിപ്പിക്കല്‍’; റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജോജു

/

പണി സിനിമയെ വിമര്‍ശിച്ച് റിവ്യൂ പങ്കുവെച്ച യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ജോജു ജോര്‍ജ്.

സിനിമയുടെ സ്‌പോയിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയും സിനിമയെ മനപൂര്‍വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടുമുള്ള പ്രയാസത്തിലാണ് താന്‍ പ്രതികരിച്ചത് എന്നായിരുന്നു ജോജു പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം. സിനിമ റിവ്യൂ ചെയ്യുന്നതിന് എതിരല്ല താനെന്നും പണി സിനിമയെ കുറിച്ച് ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ വന്നിട്ടുണ്ടെങ്കിലും താന്‍ ആരേയും വിളിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു.

രാജമാണിക്യം ഇറങ്ങി ഹിറ്റടിച്ച് നില്‍ക്കുമ്പോഴാണ് മമ്മൂക്ക എനിക്ക് ഡേറ്റ് തരുന്നത്: ജോണി ആന്റണി

‘ ഒരു സിനിമ ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ല എന്ന് തന്നെ പറയാം എന്നാല്‍ ഈ വ്യക്തി ഒരേ റിവ്യു ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. മാത്രമല്ല ആളുകളോട് ഈ സിനിമ കാണരുതെന്നും പറഞ്ഞിട്ടുണ്ട്.

അയാളെ ഒന്ന് വിളിക്കണം എന്ന് തോന്നിയിട്ട് തന്നെയാണ് വിളിച്ചത്. ഞാന്‍ തന്നെയാണ് ആ സംസാരിച്ചത്. എനിക്ക് ഈ വ്യക്തിയെ നേരിട്ട് അറിയില്ല. വ്യക്തിപരമായി വൈരാഗ്യം തോന്നാന്‍ മുന്‍പരിചയവും ഇല്ല.

എന്നാല്‍ എന്നോട് ഇത്തരമൊരു കാര്യം കരുതിക്കൂട്ടി ചെയ്യുമ്പോള്‍ സിനിമയ്‌ക്കെതിരെ മനപൂര്‍വം ഒരു ഡീഗ്രേഡിങ് നടത്തുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ദേഷ്യവും പ്രയാസവും വരും.

അതുകൊണ്ട് തന്നെയാണ് ഞാന്‍ പ്രതികരിച്ചതും. അത് എന്റെ ജീവിതമാണ്. ഇത് പ്രേക്ഷകരോടുള്ള ധാര്‍ഷ്ട്യമോ ഒന്നുമല്ല, ഇങ്ങനെ ഉപദ്രവിക്കുമ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ്.

എത്ര സിനിമകളുടെ റിവ്യൂകള്‍ ഇവിടെ വരുന്നുണ്ട്. ആരും സ്‌പോയിലര്‍ ഈ രീതിയില്‍ പറയാറില്ല. ഇദ്ദേഹം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സ്പോയിലറായി പറഞ്ഞിരിക്കുന്നത്.

ആ മലയാള നടന്‍ കാരണമാണ് ഞാന്‍ ഇന്ന് തമിഴ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്: മൃണാള്‍ താക്കൂര്‍

ഈ സിനിമ താന്‍ ആര്‍ക്കും സജസ്റ്റ് ചെയ്യില്ല, ആരും കാണരുത് എന്നൊക്കെയാണ് അയാള്‍ എല്ലായിടത്തും കമന്റ് ചെയ്തിരിക്കുന്നത്. ഞാന്‍ ചോദിച്ചതിന്റെ ഉത്തരം എനിക്ക് ഇയാളില്‍ നിന്നും ലഭിച്ചിട്ടില്ല. അത് എനിക്ക് കിട്ടണം. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം.

സിനിമയെ കുറിച്ചുള്ള റിവ്യൂകള്‍ കാണുന്ന ആളാണ് ഞാന്‍. അത് നമുക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. സിനിമ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് അതില്‍ നിന്ന് പഠിക്കാനുണ്ട്.

നമുക്ക് എവിടെയൊക്കെയാണ് തെറ്റ് സംഭവിച്ചതെന്ന് അതിലൂടെ മനസിലാക്കാന്‍ സാധിക്കും. പക്ഷേ ഇത്തരത്തില്‍ ഒരു സിനിമയെ ബോധപൂര്‍വം നശിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടുനില്‍ക്കില്ല,’ ജോജു പറഞ്ഞു.

ആദ്യരാത്രി സീക്വന്‍സാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്, ക്ലോസ് കോണ്‍ടാക്ട് വേണ്ട രംഗം, എനിക്കാണെങ്കില്‍ കൊവിഡിനെ പേടി: ആസിഫ് അലി

കഴിഞ്ഞ ദിവസമാണ് പണി സിനിമയെ കുറിച്ച് ആദര്‍ശ് എച്ച്.എസ് എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്. സിനിമയിലെ റേപ്പ് സീന്‍ എടുത്ത രീതിയെ കുറിച്ചായിരുന്നു ആദര്‍ശിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ ജോജു ഇയാളെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ആദര്‍ശിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Rape എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയില്‍ അത് ചിത്രീകരിക്കുമ്പോള്‍ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്.

എന്നാല്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയില്‍ rape സീന്‍ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ objectify ചെയ്യും വിധവുമാണ്.

എങ്ങനെയാണ് rape ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനില്‍ ആ കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടും വിധമാകണം. കാണുന്ന വ്യക്തിക്ക് empathy തോന്നേണ്ടത് ആ rape ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം.

പക്ഷേ പണിയില്‍ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. The Rapist പോലെയുള്ള ചിത്രങ്ങള്‍ reference ആയി സ്വീകരിച്ചാല്‍ എങ്ങനെയാണ് rape portray ചെയ്യേണ്ടത് എന്നതില്‍ വ്യക്തത ലഭിക്കുന്നതാണ്.

ഇനി സിനിമയിലേക്ക് വന്നാല്‍, പഴയ ഷാജി കൈലാസ് മാസ്സ് പടങ്ങളുടെ മാതൃകയിലെടുക്കണോ അതോ അങ്കമാലി ഡയറീസില്‍ ലിജോ സ്വീകരിച്ചത് പോലെയൊരു സമീപനം വേണമോയെന്ന ആശയക്കുഴപ്പം ഉടനീളം പ്രകടമാണ്.

ഒടുവില്‍ രണ്ടുമല്ലാത്ത ഒരു അവിഞ്ഞ പരുവത്തിലാണ് സിനിമ പുറത്തു വരുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്കുന്ന ആര്‍ട്ടിഫിഷ്യല്‍ ആയ കഥപറച്ചില്‍ രീതിയാണ് മറ്റൊരു പ്രശ്‌നം. മേക്കിങ് ക്വാളിറ്റിയിലും ഇതേ പ്രശ്‌നം കാണാം.

കഥ നടക്കുന്നത് തൃശൂരാണെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണ് ആദ്യം മുതല്‍.

ചിലയിടങ്ങിളിലൊക്കെ മമ്മൂട്ടിയുടെ ബ്‌ളാക്ക് സിനിമയുടെ മാതൃകകള്‍ സൃഷ്ടിക്കാനുള്ള ശ്രമവും കാണാം. സിനിമയിലെ ആകെ engaging കഥാപാത്രങ്ങള്‍ സാഗറും ജുനൈസും ചെയ്ത വില്ലന്‍ വേഷമാണ്.

എന്നാല്‍ രണ്ടാം പകുതിയില്‍ വഴിയേ പോകുന്ന സീമ വരെ പിള്ളേരുടെ കൈ ചവിട്ടിയോടിക്കുന്നത് അത് വരെ build ചെയ്ത് വന്ന ആ കഥാപാത്രങ്ങളുടെ attitude നശിപ്പിക്കുന്നുണ്ട്.

ജോജു ഉടനീളം ഒരു കാറുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് പറപ്പിക്കുന്നുണ്ട്. പോക്ക് കണ്ടാല്‍ ഇപ്പോള്‍ മലമറിക്കുമെന്ന് തോന്നുമെങ്കിലും വില്ലന്മാര്‍ കൊന്ന് തള്ളുന്നവരെ പെറുക്കി ആശുപത്രിയില്‍ കൊണ്ട് പോവുക എന്ന ആംബുലന്‍സ് ഡ്രൈവറുടെ പണി മാത്രമാണ് അയാള്‍ക്കുള്ളത്.

അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജു. ആകെയുള്ളൊരു ആശ്വാസം ജോജുവിന്റെ ഒപ്പം നടന്ന് അഭിനയിച്ചു വെറുപ്പിക്കുന്നവരെയൊക്കെ വില്ലന്മാര്‍ കൃത്യമായ ഇടവേളകില്‍ കൊന്ന് ശല്യം തീര്‍ത്തു തരുന്നു എന്നുള്ളത് മാത്രമാണ്.

ഈ സിനിമാ All Kerala Pensioners Goonda Association അംഗങ്ങള്‍ക്ക് ഫ്രീ ടിക്കറ്റ് നല്‍കി കാണിക്കണം. തങ്ങള്‍ ചെയ്തിരുന്ന തൊഴില്‍ എത്ര ബോറ് ആയിരുന്നു എന്ന് അവര്‍ക്ക് ശിഷ്ടകാലം പശ്ചാത്താപം തോന്നി എരിഞ്ഞു ജീവിക്കണം.

Content Highlight: Joju George comment against Reviewer

Exit mobile version