ടെലിവിഷന്‍ പരമ്പരകളായ ‘മുജ്‌സെ കുച്ച് കെഹ്തി, യേ ഖമോഷിയാന്‍’, ‘കുംകും ഭാഗ്യ’ എന്നിവയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് മൃണാള്‍ താക്കൂര്‍. ഖമോഷിയാനിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നേടിയ താക്കൂര്‍ 2018ല്‍ പുറത്തിറങ്ങിയ ലവ് സോണിയ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ 30, ബട്‌ല ഹൗസ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി 2022ല്‍ പുറത്തിറങ്ങിയ സീതാ രാമത്തിലൂടെയാണ് പ്രേക്ഷക സ്വീകാര്യത നേടുന്നത്.
സീതാ രാമത്തില്‍ മൃണാളിനൊപ്പം നായകനായി എത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഒരു നടനെന്ന നിലയില്‍ താന്‍ അത്രയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ദുല്‍ഖറെന്ന് പറയുകയാണ് നടി. വളരെ ഡെഡിക്കേറ്റഡും ഭാഷയെ പേടിക്കാത്ത വ്യക്തിയാണെന്നും മൃണാള്‍ പറയുന്നു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ദുല്‍ഖറിനെ കുറിച്ച് ചോദിച്ചാല്‍, അദ്ദേഹം ഗോഡ്’സ് ചൈല്‍ഡാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റാണെന്ന് പറയാന്‍ എനിക്ക് ഒരു മടിയുമില്ല. കാരണം ഒരു നടനെന്ന നിലയില്‍ ഞാന്‍ അത്രയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ദുല്‍ഖര്‍. സെറ്റിലൊക്കെ മറ്റുള്ളവരെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. അതേസമയം ഡെഡിക്കേറ്റഡും ഭാഷയെ പേടിക്കാത്ത വ്യക്തിയുമാണ്. മലയാളമോ ഹിന്ദിയോ തമിഴോ തെലുങ്കോ ഏതുമാകട്ടെ, ആ ഭാഷയിലെ സിനിമ ചെയ്യാന്‍ ദുല്‍ഖറിന് മടിയില്ല.
Also Read: ആ സിനിമ റി റിലീസ് ചെയ്താല്‍ പുതിയ ആള്‍ക്കാരുടെ തെറി കൂടി കേള്‍ക്കേണ്ടി വരും: ധ്യാന്‍ ശ്രീനിവാസന്‍
എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു കാര്യമുണ്ട്, സീതാരാമത്തിന്റെ സമയത്തായിരുന്നു അത്. അന്ന് കശ്മീരില്‍ വെച്ച് ഞാന്‍ ദുല്‍ഖറിനോട് സീതാരാമം തെലുങ്കിലെ എന്റെ ആദ്യത്തെയും അവസാനത്തെയും സിനിമയാകുമെന്ന് പറഞ്ഞു. ഇനി ഞാന്‍ ഒരു തെലുങ്ക് സിനിമയും ചെയ്യില്ലെന്നും പറഞ്ഞു. അന്ന് ദുല്‍ഖര്‍ എന്നെ നോക്കിയിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞത്, നമുക്ക് നോക്കാം എന്നായിരുന്നു. ഞാന്‍ ഇന്ന് തമിഴ് സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണങ്ങളില്‍ ഒന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ മൃണാള്‍ താക്കൂര്‍ പറഞ്ഞു.
Content Highlight: Mrunal Thakur Talks About Actor Dulquer Salmaan’s Influence