മെയ്യഴകന്റെ സക്രിപ്റ്റ് വായിച്ച ശേഷം ചേട്ടന്‍ എന്നോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ: കാര്‍ത്തി

സിനിമാലോകത്ത് ഒരുപാട് ആരാധകരുള്ള താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും.അഭിനയത്തിന്റെ പേരില്‍ സൂര്യക്ക് കരിയറിന്റെ തുടക്കത്തില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് സൂര്യ നടന്നുകയറി. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ കാര്‍ത്തിയും സിനിമാലോകത്തേക്ക് വരവറിയിക്കുകയും ആദ്യ സിനിമയിലെ പ്രകടനത്തിന് ഒരുപാട് പ്രശംസ നേടുകയും ചെയ്തു.

Also Read: ബാലക്കെതിരെ മകള്‍; എന്നേയും എന്റെ കുടുംബത്തേയും അത്രയും ദ്രോഹിച്ചിട്ടുണ്ട്, അദ്ദേഹം പറയുന്നതെല്ലാം കള്ളം

കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ മെയ്യഴകന്‍ റിലീസിന് തയാറെടുക്കുകയാണ്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. കാര്‍ത്തിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ കടൈക്കുട്ടി സിങ്കം നിര്‍മിച്ചതും സൂര്യ തന്നെയായിരുന്നു. 96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷമുള്ള സൂര്യയുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി. സൂര്യക്ക് ആ സ്‌ക്രിപ്റ്റ് വളരെയധികം ഇഷ്ടമായതുകൊണ്ടാണ് അത് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് കാര്‍ത്തി പറഞ്ഞു. തനിക്ക് മാത്രം എവിടെനിന്നാണ് ഇത്രയും നല്ല സ്‌ക്രിപ്റ്റുകള്‍ വരുന്നതെന്ന് സൂര്യ തന്നോട് ചോദിച്ചുവെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. തേടിവരുന്നതല്ല, പിടിച്ചുവാങ്ങുന്നതാണെന്ന് താന്‍ സൂര്യക്ക് മറുപടി നല്‍കിയെന്നും കാര്‍ത്തി പറഞ്ഞു. യൂവീ മീഡിയയോട് സംസാരിക്കുകയായിരുന്നു കാര്‍ത്തി.

Also Read: ആ സീനിനായി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു; എന്നെയൊന്ന് ഷൂട്ട് ചെയ്ത് കൊല്ലുമോയെന്ന് ചോദിച്ചു: ഭാവന

‘ഞാന്‍ ഈ കഥ കേട്ട ശേഷം ചേട്ടനോട് സ്‌ക്രിപ്റ്റ് പറയാന്‍ പറഞ്ഞു, പുള്ളിക്ക് ഇഷ്ടമായാല്‍ പ്രൊഡ്യൂസ് ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പ്രേം ഈ കഥ ചേട്ടനോട് പറഞ്ഞു. വിചാരിച്ചതുപോലെ ചേട്ടന് കഥ ഇഷ്ടപ്പെട്ടു, പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചു. ഫാമിലിയിലെ എല്ലാവര്‍ക്കും ഒരുപോലെ ഈ കഥ ഇഷ്ടമായി. കഥ കേട്ട ശേഷം ചേട്ടന്‍ എന്നോട് ചോദിച്ചത് ‘നിനക്ക് മാത്രം എവിടുന്നാ ഇത്രയും നല്ല സ്‌ക്രിപ്റ്റ് കിട്ടുന്നത്’ എന്നായിരുന്നു. എന്നെ തേടിവരുന്നതല്ല, പിടിച്ചു വാങ്ങുന്ന സ്‌ക്രിപ്റ്റുകളാണ് ഇതെന്ന് ചേട്ടന് മറുപടി നല്‍കി’ കാര്‍ത്തി പറഞ്ഞു.

കാര്‍ത്തിക്കും അരവിന്ദ് സ്വാമിക്കും പുറമെ ശ്രീ ദിവ്യ, രാജ് കിരണ്‍, ദേവദര്‍ശിനി, ഇളവരസ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന് വേണ്ടി കമല്‍ ഹാസന്‍ പാടിയ ഗാനം ചര്‍ച്ചയായിരുന്നു. സെപ്റ്റംബര്‍ 27ന് മെയ്യഴകന്‍ തിയേറ്ററുകളിലെത്തും.

Content Highlight: Karthi about Surya’s reaction after reading Meiyazhagan script

Exit mobile version