തനിക്ക് വന്ന ആ വേഷം തന്നെക്കാള്‍ നന്നായി മമ്മൂട്ടി ചെയ്യുമെന്നാണ് സുകുവേട്ടന്‍ പറഞ്ഞത്: മല്ലിക സുകുമാരന്‍

കരിയറിന്റെ തുടക്കത്തില്‍ മലയാള സിനിമയിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത മല്ലിക പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്നു. പിന്നീട് വീണ്ടും സിനിമയിലേക്ക് തന്നെ മല്ലിക തിരിച്ചെത്തി. മമ്മൂട്ടിയെ ആദ്യമായി കണ്ട ഓര്‍മകള്‍ പങ്കുവെക്കുകയാണ് മല്ലിക സുകുമാരന്‍. സുകുമാരന്‍ നായകനായ സ്‌ഫോടനത്തിന്റെ സെറ്റില്‍ വെച്ചാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടതെന്ന് മല്ലിക പറഞ്ഞു.

Also Read: ഇതുപോലുള്ള ക്യാരക്ടര്‍ ഒരു നടന് അധികം കിട്ടാന്‍ ചാന്‍സില്ലെന്നാണ് ജിസ് ജോയ് പറഞ്ഞത്: ആസിഫ് അലി

ആ സിനിമയുടെ സെറ്റില്‍ വെച്ച് പടയോട്ടത്തിന്റെ കഥ പറയാന്‍ നവോദയ അപ്പച്ചന്‍ വന്നുവെന്നും കഥ കേട്ട് താന്‍ ആ വേഷം ചെയ്താല്‍ പരമബോറാകുമെന്ന് സുകുമാരന്‍ പറഞ്ഞെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. ആ വേഷം തന്നെക്കാള്‍ നന്നായി ചെയ്യാന്‍ പറ്റിയ പുതിയൊരാള്‍ ഉണ്ടെന്നും പേര് മമ്മൂട്ടി എന്നാണെന്നും സുകുമാരന്‍ പറഞ്ഞെന്നും മല്ലിക പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം പടയോട്ടത്തിലെ ആ റോള്‍ മമ്മൂട്ടിക്ക് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ സുകുമാരന് സന്തോഷമായെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

തന്നെപ്പോലെ മുന്നും പിന്നും നോക്കാതെ സംസാരിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് സുകുമാരന്‍ അന്നേ പറഞ്ഞിരുന്നുവെന്നും ഒന്നും മനസില്‍ വെച്ചുകൊണ്ട് ഇരിക്കുന്ന സ്വഭാവം മമ്മൂട്ടിക്കില്ലെന്ന് പറഞ്ഞെന്നും മല്ലിക പറഞ്ഞു. ഭാവിയില്‍ വലിയ നടനാകുമെന്നും സൂപ്പര്‍സ്റ്റാര്‍ വരെ ആകാന്‍ സാധ്യതയുണ്ടെന്നും സുകുമാരന്‍ പറഞ്ഞിരുന്നുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. ഇന്ന് അതുപോലെ തന്നെ സംഭവിച്ചത് കണ്ട് സന്തോഷമുണ്ടെന്നും മല്ലിക പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നത് സ്‌ഫോടനം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്. അതില്‍ സുകുവേട്ടനായിരുന്നു നായകന്‍. മമ്മൂട്ടിയും ആ സിനിമയില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ടായിരുന്നു. ആ സെറ്റില്‍ ഒരു ദിവസം നവോദയ അപ്പച്ചന്‍ വന്നിരുന്നു. പടയോട്ടത്തിന്റെ കഥ പറയാനാണ് പുള്ളി വന്നത്. അന്നത്തെ ഏറ്റവും വലിയ ബജറ്റില്‍ ചെയ്യുന്ന സിനിമയായിരുന്നു പടയോട്ടം.

Also Read: എന്റെ ആ സിനിമ കണ്ടിട്ടുണ്ടെന്ന് വിജയ് സാര്‍ പറഞ്ഞപ്പോള്‍ അത്ഭുതമായി: മാത്യു തോമസ്

കഥ കേട്ടിട്ട് സുകുവേട്ടന്‍ പുള്ളിയുടെ സ്റ്റൈലില്‍ ‘എന്റെ പൊന്നപ്പച്ചാ, ഞാന്‍ ഈ കുടുമയൊക്കെ വെച്ച് അഭിനയിച്ചാല്‍ പരമബോറായിരിക്കും, വേറെ ആരെയെങ്കിലും നോക്ക്’ എന്നാണ് പറഞ്ഞത്. പകരം ആര് ചെയ്യുമെന്ന് അപ്പച്ചന്‍ ചോദിച്ചപ്പോള്‍ സുകുവേട്ടനാണ് മമ്മൂട്ടിയുടെ പേര് പറഞ്ഞത്. നല്ല പൊക്കവും ഗാംഭീര്യവുമുള്ള നടനാണ് ആ ക്യാരക്ടര്‍ ചെയ്യാന്‍ അയാള്‍ക്ക് പറ്റുമെന്ന് പറഞ്ഞ് മമ്മൂട്ടിയെ വിളിച്ചു. അന്നാണ് മമ്മൂട്ടിയെ ഞാന്‍ ആദ്യമായി കാണുന്നത്.

രണ്ട് ദിവസം കഴിഞ്ഞ് ആ റോള്‍ മമ്മൂട്ടിക്ക് തന്നെ കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ സുകുവേട്ടന് സന്തോഷമായി. ‘എന്റെ സ്വഭാവം തന്നെയാണ് മമ്മൂട്ടിക്ക്. പറയാനുള്ളത് ആരുടെ അടുത്തായാലും പറഞ്ഞ് കളയും, മുന്നും പിന്നും നോക്കാതെ സംസാരിക്കുന്ന നടനാണ്. പക്ഷേ ഭാവിയില്‍ സൂപ്പര്‍സ്റ്റാര്‍ വരെയാകാന്‍ ചാന്‍സുണ്ട്,’ എന്നാണ് സുകുവേട്ടന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. അതുപോലെ തന്നെ സംഭവിച്ചു,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

Content Highlight: Mallika Sukumaran about Sukumaran and Mammootty

Exit mobile version