സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, ജോണി, ശാന്തികൃഷ്ണ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1993-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചെങ്കോല്‍.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ലോഹിതദാസ് ആയിരുന്നു. 1989ല്‍ പുറത്തിറങ്ങിയ കിരീടത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ചെങ്കോല്‍ എത്തിയത്.
ലോഹിതദാസ് എഴുതിയ ചുരുക്കം സിനിമകളില്‍ അദ്ദേഹം വളരെ ചെറിയ ചില റോളുകളില്‍ വന്നുപോയിട്ടുണ്ട്.
അത്തരത്തില്‍ ചെങ്കോല്‍ എന്ന സിനിമയിലെ ഒരു നിര്‍ണായക സീനില്‍ ലോഹിതദാസിനെ താന്‍ നിര്‍ത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.
ആ സീനില്‍ ലോഹിയെ നിര്‍ത്താന്‍ ഒരു കാരണമുണ്ടായിരുന്നെന്നും സിബി മലയില്‍ പറയുന്നു.
‘ ചെങ്കോലിലെ ഒരു സീനുണ്ട്. ഒരു ആക്ടറെ സംബന്ധിച്ച് അല്‍പ്പം ടഫ് ആയിട്ടുള്ള സീനാണ്. ലാലാണ് അഭിനയിക്കുന്നത്. ഒരു ഹോട്ടല്‍ മുറിയില്‍ തിലകന്‍ ചേട്ടന്റെ മുറിയുടെ വാതിലില്‍ പോയി ലാല്‍ തട്ടിവിളിക്കുന്നുണ്ട്.
നിങ്ങളാണോ എന്റെ അച്ഛന്‍, നിങ്ങളെയാണോ ഞാന്‍ അച്ഛാ എന്ന് വിളിച്ചത് എന്നും പറഞ്ഞ് കരഞ്ഞിട്ട് ലാലിങ്ങനെ ഊര്‍ന്നിറങ്ങി താഴോട്ട് പോകുന്ന ഒരു രംഗമുണ്ട്.
കാരണം സഹോദരിയെ മറ്റൊരു റൂമില്‍ വെച്ച് കാണുന്ന സാഹചര്യമുണ്ടായി. ആ സീനാണ് എടുക്കുന്നത്. ലാല്‍ വല്ലാതെ കരഞ്ഞ് വിഷമിച്ച് ചെയ്യേണ്ട സീനാണ്.
ഈ സീനില്‍ ഇവരുടെ ഈ ശബ്ദം കേട്ട് അടുത്ത മുറിയില്‍ നിന്ന് ഒരാള്‍ വന്ന് നോക്കണം. വേറെ ഒരാളെ അവിടെ നിര്‍ത്തിയാല്‍ അയാളുടെ ചലനമോ ശ്രദ്ധയോ അങ്ങോട്ട് മാറിപ്പോകാം.
നാഗേന്ദ്രന്‍സ് ഹണിമൂണിലെ ബെഡ്‌റൂം സീനും സുരാജേട്ടന്റെ ചിരിയും; പെട്ടുപോയി: ഗ്രേസ് ആന്റണി
ഔട്ട് ഓഫ് ഫോക്കസില്‍ ആണെങ്കില്‍ പോലും ഒരു പരിചയമില്ലാത്ത ഒരാള്‍ നിന്നാല്‍ അയാളുടെ എന്തെങ്കിലും പിഴവുകൊണ്ട് ആ ഷോട്ട് ഓക്കെ ആയില്ലെങ്കിലോ എന്ന് പേടിച്ചിട്ട് ഞാന്‍ ലോഹിയുടെ അടുത്ത് പോയി ലോഹി നിന്നാല്‍ മതിയെന്ന് പറഞ്ഞു.
കാരണം എഴുതിയ ആളാണല്ലോ. ആ സാഹചര്യം കൃത്യമായി അറിയാവുന്ന ആള്‍. അങ്ങനെ ലോഹി ഔട്ട് ഓഫ് ഫോക്കസില്‍ നിന്നു,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil about Chenkol Movie and Lohithadas