മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സൗഹൃദമാണ് മമ്മൂട്ടിയുടേയും ശ്രീനിവാസന്റേയും. ഇപ്പോള്‍ വണ്‍ ടു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ താനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍.
‘എത്ര പൈസ ഞാന്‍ മമ്മൂട്ടിയില്‍ നിന്ന് വാങ്ങിച്ചിട്ടുണ്ടെന്ന് ഉള്ളതിന്റെ കണക്ക് എന്റെ കയ്യില്‍ കൃത്യമായി ഉണ്ടായിരുന്നു. ഞാന്‍ ചെന്നൈയില്‍ താമസിക്കുമ്പോള്‍ പുള്ളിയും ചെന്നൈയില്‍ തന്നെയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഞാനൊരു കാര്യം ചോദിച്ചു.
‘ഞാന്‍ കുറേ പൈസ തരാനുണ്ട്. ഇപ്പോള്‍ എന്റെ കയ്യില്‍ ആ പൈസ തരാനുള്ള വകുപ്പുണ്ട്. ഞാന്‍ അത് തരട്ടെ’ എന്നായിരുന്നു ചോദിച്ചത്. അപ്പോള്‍ അദ്ദേഹം എന്നോട് ‘അതിപ്പോള്‍ വേണ്ട. അവിടെ ഇരിക്കട്ടെ’ എന്ന് പറഞ്ഞു. ഒന്നുരണ്ടു തവണ ഞാന്‍ ഈ കാര്യം ചോദിച്ചിരുന്നു. അതുകൊണ്ട് പുള്ളിയത് വാങ്ങില്ലെന്ന് എനിക്ക് മനസിലായി.
അങ്ങനെയിരിക്കെ മൂത്ത മകളുടെ കല്യാണം വന്നു. ആ കല്യാണത്തിന്റെ തലേന്ന് ഞാന്‍ ഒരു സ്വര്‍ണ കോയിനുമായിട്ട് പോയി. മമ്മൂട്ടിയെയും മകളെയും വിളിച്ച് സമ്മാനമായി ഞാന്‍ അത് അവളുടെ കയ്യില്‍ കൊടുത്തു. എന്റെ സമാധാനത്തിന് വേണ്ടിയായിരുന്നു അത് ചെയ്തത്. അവള്‍ അത് വാങ്ങിയതോടെ എനിക്ക് സമാധാനമായി,’ ശ്രീനിവാസന്‍ പറഞ്ഞു.
തന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥയും തിരക്കഥയും ഏതാണെന്ന ചോദ്യത്തിനും അദ്ദേഹം അഭിമുഖത്തില്‍ മറുപടി നല്‍കി. മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ എന്ന ചിത്രത്തെ കുറിച്ചാണ് ശ്രീനിവാസന്‍ സംസാരിച്ചത്.
Also Read: ആ സംഭവത്തോടെ എന്റെ എടുത്തുചാട്ടവും ദേഷ്യവും എല്ലാം മാറി; എന്റെ റോള്‍ മോഡല്‍ അദ്ദേഹം: ആസിഫ് അലി
‘ഞാന്‍ വലിയ അവാര്‍ഡ് മോഹിയൊന്നുമല്ല. അവാര്‍ഡിന് വേണ്ടി ഒരു സിനിമ എടുക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേയില്ലേ. പക്ഷെ ആദ്യമായി എനിക്ക് എഴുത്തില്‍ അവാര്‍ഡ് കിട്ടുന്നത് മഴയെത്തും മുന്‍പേ എന്ന സിനിമയുടെ തിരക്കഥയ്ക്കാണ്.
ശോഭനയും ആനിയും മമ്മൂട്ടിയുമൊക്കെ അഭിനയിച്ച സിനിമയാണ്. ഞാനും അതില്‍ അഭിനയിച്ചിരുന്നു. പാലക്കാട് വെച്ച് ഷൂട്ടിങ് നടന്ന സിനിമ കമലായിരുന്നു സംവിധാനം ചെയ്തത്. കഠിനമായ അധ്വാനത്തിന്റെ ഫലമായിരുന്നു ഈ സിനിമ. പക്ഷെ അവാര്‍ഡ് കിട്ടി കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നത്,’ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Sreenivasan Talks About Mammootty