തന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും തിരക്കഥയും ഏതാണെന്ന് പറയുകയാണ് ശ്രീനിവാസന്‍. അദ്ദേഹം തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ എന്ന ചിത്രത്തെ കുറിച്ചാണ് സംസാരിച്ചത്.
1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായത്. മമ്മൂട്ടിക്ക് ഒപ്പം ശോഭന, ആനി, ശ്രീനിവാസന്‍ എന്നിവരായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി നന്ദകുമാര്‍ എന്ന കോളേജ് പ്രൊഫസറായി എത്തിയ മഴയെത്തും മുന്‍പേയിലൂടെ ശ്രീനിവാസന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.
Also Read: എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന നൊസ്റ്റാള്‍ജിയ നല്‍കുന്ന സിനിമയാണ് അത്: ലിജോ ജോസ് പെല്ലിശ്ശേരി
എന്നാല്‍ താന്‍ വലിയ അവാര്‍ഡ് മോഹിയൊന്നുമല്ലെന്നും അവാര്‍ഡിന് വേണ്ടി ഒരു സിനിമ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും അദ്ദേഹം പറയുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലമായിരുന്നു ഈ സിനിമയെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും തിരക്കഥയും ഏതാണെന്ന് ഞാന്‍ ഒരു രണ്ടാഴ്ച ആലോചിച്ചിട്ട് പറയാം. ഒരു പടം എഴുതാന്‍ വേണ്ടി ഒരു കൊല്ലമൊക്കെ ആലോചിച്ചിട്ടുണ്ട്. എന്നിട്ടും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വേണ്ടി ഒരു രണ്ടാഴ്ചയല്ലേ ഞാന്‍ ചോദിച്ചുള്ളൂ.
ഞാന്‍ വലിയ അവാര്‍ഡ് മോഹിയൊന്നുമല്ല. അവാര്‍ഡിന് വേണ്ടി ഒരു സിനിമ എടുക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേയില്ലേ. പക്ഷെ ആദ്യമായി എനിക്ക് എഴുത്തില്‍ അവാര്‍ഡ് കിട്ടുന്നത് മഴയെത്തും മുന്‍പേ എന്ന സിനിമയുടെ തിരക്കഥയ്ക്കാണ്.
ശോഭനയും ആനിയും മമ്മൂട്ടിയുമൊക്കെ അഭിനയിച്ച സിനിമയാണ്. ഞാനും അതില്‍ അഭിനയിച്ചിരുന്നു. പാലക്കാട് വെച്ച് ഷൂട്ടിങ് നടന്ന സിനിമ കമലായിരുന്നു സംവിധാനം ചെയ്തത്. കഠിനമായ അധ്വാനത്തിന്റെ ഫലമായിരുന്നു ഈ സിനിമ. പക്ഷെ അവാര്‍ഡ് കിട്ടി കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നത്.
ഈ സിനിമക്ക് ഇനിയും ഒന്നോ രണ്ടോ അവാര്‍ഡ് കിട്ടാവുന്നതാണെന്ന് പിന്നീട് എനിക്ക് തോന്നി. കാരണം ഇതിനകത്ത് കുറച്ച് ടെക്നിക്കുകളൊക്കെ ഉപയോഗിച്ചിരുന്നു. ഓരോന്നും ആലോചിച്ച് കഷ്ടപ്പെട്ടിട്ടാണ് ഓരോ സീനും ഉണ്ടാക്കിയിരുന്നത്,’ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Sreenivasan Talks About His Mazhayethum Munpe Movie