ഹൃദയം തിയേറ്ററില്‍ വര്‍ക്കാവില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു, ഒടുവില്‍ ആ സീന്‍ കട്ട് ചെയ്യാന്‍ തീരുമാനിച്ചു: വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചത്രമാണ് ഹൃദയം. ബോക്‌സ് ഓഫീസില്‍ വന്‍വിജയമായ ചിത്രത്തിന്റെ റിലീസിന് മുന്‍പ് താന്‍ നേരിട്ട ചില പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.

റിലീസിന് മുന്‍പേ ഈ സിനിമ കണ്ട് അത് തിയേറ്ററില്‍ വര്‍ക്കാവില്ലെന്ന് പറഞ്ഞ ഒരു വ്യക്തിയെ കുറിച്ചും അവസാന നിമിഷം വരെ വെട്ടിമാറ്റാന്‍ ആലോചിച്ച ഒരു സീനിനെ കുറിച്ചുമൊക്കെയാണ് വിനീത് സംസാരിക്കുന്നത്.

സിനിമ റിലീസാകുന്നതിന് മുമ്പ് അതിലെ പാട്ടുകള്‍ കേട്ട് ഒരു തെലുങ്ക് പ്രൊഡ്യൂസര്‍ അതിന്റെ റൈറ്റ്സ് വാങ്ങാന്‍ വന്നിരുന്നെന്നും സിനിമ കണ്ടശേഷം ഇത് തിയേറ്ററില്‍ വര്‍ക്ക് ആകാന്‍ സാധ്യതയില്ലെന്ന് പുള്ളി പറഞ്ഞതുകേട്ട് താന്‍ തകര്‍ന്നുപോയെന്നും വിനീത് പറയുന്നു.

‘സത്യം പറഞ്ഞാല്‍ ഓരോ ചിത്രങ്ങളും പേടിച്ചിട്ടാണ് ഞാന്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ഓരോ തവണയും നെഞ്ചിടിപ്പാണ്്. ഹൃദയം റിലീസാകുന്നതിന് മുമ്പ് അതിലെ പാട്ടുകള്‍ കേട്ടിട്ട് ഒരു തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ അതിന്റെ റൈറ്റ്സ് വാങ്ങാന്‍ വന്നിരുന്നു. അയാളെ ഞാന്‍ എന്റെ വീട്ടില്‍ വെച്ചാണ് സിനിമ കാണിച്ചുകൊടുത്തത്.

Also read: സുരാജേട്ടന്റെ കൂടെ അഭിനയിക്കണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു, ലിസ്റ്റിലെ അടുത്തയാള്‍ അദ്ദേഹം: ഗ്രേസ് ആന്റണി

സിനിമയില്‍ ഒരുപാട് ഇമോഷണല്‍ മൊമന്റുകളുണ്ടെന്നും പക്ഷെ അത് തിയേറ്ററില്‍ വര്‍ക്കാവുമെന്ന് തോന്നുന്നില്ലെന്നും പുള്ളി പറഞ്ഞു. എന്തുചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍. പടച്ചോനെ പടം രണ്ടുമണിക്കൂറും 53 മിനിട്ടുമുണ്ട്, എന്താണ് കട്ട് ചെയ്ത് കളയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.

ഞാന്‍ അപ്പോള്‍ തന്നെ എഡിറ്റര്‍ രഞ്ജന്‍ ചേട്ടനെ വിളിച്ചു. എന്നിട്ട് സിനിമയില്‍ നിന്ന് എന്തെങ്കിലും കട്ട് ചെയ്യാനുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ സിനിമയിലുള്ള ഒരു സീന്‍ ഏറെക്കുറെ കട്ട് ചെയ്തേക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പെട്ടെന്ന് തീരുമാനിക്കണ്ട എല്ലാവരോടും ചോദിച്ചിട്ട് ചെയ്യാമെന്ന് പറഞ്ഞു.

അങ്ങനെ തീരുമാനം അടുത്ത ദിവസമെടുക്കാമെന്ന് ഞങ്ങള്‍ പറഞ്ഞുറപ്പിച്ചു. സിനിമ റിലീസ് ചെയ്യാന്‍ നാലഞ്ചുദിവസം മാത്രമാണുള്ളത്. അന്ന് രാത്രി ഞാന്‍ വീണ്ടും രഞ്ജന്‍ ചേട്ടനെ വിളിച്ചു, ചേട്ടാ അത് കട്ട് ചെയ്യണോ എന്ന് ചോദിച്ചു. അപ്പോള്‍ പുള്ളി പറഞ്ഞു ഞാനും അത് തന്നെയാണ് ആലോചിക്കുന്നത് എന്ന്.

Also read: സിനിമയുടെ പിന്നണിയിലെ ടെക്നിക്കുകൾ തുറന്ന് കാട്ടിയ ചിത്രമാണത്: ഭാവന

ഇത്രയും നാള്‍ അത് കട്ട് ചെയ്യാന്‍ നമുക്ക് തോന്നിയില്ലല്ലോ ഇത് ചിലപ്പോള്‍ നമ്മള്‍ പേടിക്കുന്നതാകുമെന്ന് അദ്ദേഹം പറഞ്ഞു. രാത്രി എന്തായാലും തീരുമാനമെടുക്കണ്ട രാവിലെ ആകട്ടേയെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. രാത്രിയില്‍ ഞാന്‍ തീരുമാനങ്ങളൊന്നും എടുക്കാറില്ല. അങ്ങനെ രാവിലെ ആയപ്പോള്‍ അത് കട്ട് ചെയ്യേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എങ്ങനെയാണോ ഉള്ളത് ആ രീതിയില്‍ തന്നെ തിയേറ്ററില്‍ ഇറക്കി’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Vineeth sreenivasan about Hridayam Movie and Flop Prediction

 

Exit mobile version