കരിയറില്‍ വ്യത്യസ്തതകള്‍ പരീക്ഷിച്ച് മുന്നോട്ടുപോകുകയാണ് നടന്‍ ആസിഫ് അലി. അടുത്തിടെയിറങ്ങിയ ആസിഫ് സിനിമകളെല്ലാം ഒരു തരത്തില്‍ പരീക്ഷണ സ്വഭാവമുള്ളവയായിരുന്നു.
കിഷ്‌കിന്ധാകാണ്ഡവും ലെവല്‍ക്രോസും തലവനും ഉള്‍പ്പെടെ ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്ക് യാത്ര തുടരുകയാണ് അദ്ദേഹം. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ തിരക്കഥ തന്നെയാണ് താന്‍ ശ്രദ്ധിക്കുന്നതെന്ന് പറയുകയാണ് ആസിഫ്. ആളുകളുടെ ഇഷ്ടം നഷ്ടപ്പെട്ടുപോകുമെന്നതിനാല്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ആസിഫ് പറയുന്നു.
പക്ഷേ ആ ടൈപ്പ് കാസ്റ്റിങ്ങ് ഇല്ലാതെയാക്കാനും കൂടിയാണ് നെഗറ്റീവ് റോളുകള്‍ ഉള്‍പ്പടെയുള്ളവ ചെയ്യുന്നത്. ഒരു കാലത്ത് ന്യൂ ജനറേഷന്‍ എന്ന കാറ്റഗറിയില്‍ ലോക്ക് ആയി കിടന്നവരാണ് ഞങ്ങള്‍ കുറേ ആര്‍ടിസ്റ്റുകള്‍.
അത് ബ്രേക്ക് ചെയ്ത് കുറച്ചു കൂടി കുടുംബപ്രേക്ഷകരിലേക്ക് എനിക്ക് എത്താനായത് സണ്‍ഡേ ഹോളിഡേയിലൂടെയാണ്. അതുപോലെ ബ്രേക്ക് ചെയ്യാനായില്ലെങ്കില്‍ ടൈപ്പ് കാസ്റ്റിങ്ങില്‍ പെട്ടുപോകും,’ ആസിഫ് പറഞ്ഞു.
സിനിമയെ കുറിച്ച് ഞാന്‍ കണ്ട സ്വപ്നം ഇതൊന്നുമല്ല. ഇതുക്കും മേലെയാണ്. ആ സ്വപ്നം തന്നെയാണ് മുന്നോട്ട് പോകാനുള്ള ഊര്‍ജവും. എങ്കിലും ഈ യാത്ര ഭയങ്കര രസമുള്ളതായിരുന്നു.
നമ്മളൊക്കെ പറയാറില്ലേ ആ കാലഘട്ടത്തിലേക്കൊന്ന് തിരിച്ചു പോകാന്‍ തോന്നുന്നു എന്ന്. എനിക്ക് പക്ഷേ അങ്ങനെയില്ല. ഇനി പുതിയത് എന്തെന്നറിയാനും അനുഭവിക്കാനുമുള്ള ആകാംക്ഷയാണ് എനിക്ക് കൂടുതലും.
ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പ് കണ്ട സിനിമ അല്ല ഇവിടെ വന്നപ്പോള്‍ കണ്ടതും അനുഭവിച്ചതും. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ചോദിച്ചാല്‍ സത്യമായും ഉത്തരമില്ല. നല്ല സിനിമകള്‍ ചെയ്യുക എന്നത് മാത്രമാണ് ഇതുവരെയുള്ള പ്ലാന്‍,’ ആസിഫ് പറഞ്ഞു.
Content Highlight: Actor Asif Ali about Negative Roles