സിനിമയില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും നമ്മുടെ ഒരു നോ പോലും നമുക്ക് ശത്രുക്കളെ ഉണ്ടാക്കി തരുമെന്നും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
നമ്മള്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ടെന്നും അടുത്ത ആളുകള്‍ ആണെന്ന് കരുതിയവരില്‍ നിന്ന് പോലും ചിലപ്പോള്‍ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്നും ലിസ്റ്റിന്‍ പറയുന്നു.
ചതിവ് പറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു ലിസ്റ്റിന്റെ മറുപടി.
‘ ചതിവ് പറ്റിയിട്ടുണ്ട്. ചിലര്‍ നമ്മുടെ ഒപ്പം നില്‍ക്കും. നല്ല സുഹൃത്തായി നിന്ന ശേഷം നമ്മള്‍ പറയാത്ത കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞതായി ചിലരോട് ചെന്ന് പറയും.
ആ ചെന്ന് പറഞ്ഞവനെ മുന്നില്‍ നിര്‍ത്തി ചോദിച്ചാല്‍ മാത്രം മതി. പക്ഷേ ഇവര്‍ നമ്മളോട് നേരിട്ട് ഇക്കാര്യം ചോദിക്കാതിരിക്കുകയും നമ്മളോട് തിരിച്ച് മോശമായി പെരുമാറുകയും ചെയ്താല്‍ എന്തുചെയ്യും.
അതൊക്കെ ഈ ട്രാക്കില്‍ ഇങ്ങനെ പോകും. കുറേ ബന്ധങ്ങള്‍ ആവശ്യമില്ലാതെ അങ്ങനെ നഷ്ടമായിപ്പോയിട്ടുണ്ട്. ഒരു പ്രൊജക്ടിനോട് നമ്മള്‍ നോ പറഞ്ഞാല്‍ അത് ഒരു പ്രൊജക്ടിനോട് പറയുന്ന നോ ആണ് ആ വ്യക്തിയോടല്ല. ഉടനെ അതൊരു വിരോധത്തിലേക്ക് പോകും.
എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായി. ആദ്യമൊക്കെ വലിയ വിഷമമായിരുന്നു. ഇപ്പോള്‍ എല്ലാവരില്‍ നിന്നും ഒരു അകലം വെക്കുകയാണ്. അധികം അടുക്കുമ്പോഴാണ് പ്രശ്‌നം.
എന്നെ പരിചയമില്ലാത്തവര്‍ക്ക് പോലും എന്നോട് ഒരു ഇഷ്ടക്കേട് വന്നാല്‍ ആവശ്യ്യമില്ലാത്തവര്‍ വേറെ രീതിയില്‍ ഇടപെട്ടിട്ടാണെന്ന കാര്യം വ്യക്തമാണ്. നമ്മള്‍ വളരുന്നതുവരെ പലര്‍ക്കും ആത്മാര്‍ത്ഥമായ സ്‌നേഹമുണ്ടായിരുന്നു. വളര്‍ന്നു കഴിഞ്ഞ ശേഷം പലര്‍ക്കുംം വിരോധമായി,’ ലിസ്റ്റിന്‍ പറയുന്നു.
Content Highlight: Listin Stephen about his Haters