ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജന ഗണ മന. പൃഥ്വിരാജ് , സുരാജ് വെഞ്ഞാറമൂട്, പശുപതി രാജ്, ജി.എം സുന്ദര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പച്ചയായ ആവിഷ്‌ക്കരണമായിരുന്നു ചിത്രം. വലതുപക്ഷം എങ്ങനെയാണ് ഇവിടെ ഭരണം പിടിച്ചെടുക്കുന്നതെന്നും ജനാധിപത്യത്തെ ഏതൊക്കെ രീതിയിലാണ് അട്ടിമറിക്കുന്നതെന്നും ചിത്രം കാണിച്ചിരുന്നു.
പൃഥ്വിരാജിന്റേയും സുരാജിന്റേയുമൊക്കെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ജന ഗണ മനയിലേത്. സിനിമയുടെ ആദ്യഭാഗം ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തില്‍ ചര്‍ച്ചയുണ്ടായിരുന്നു.
ട്രെയിലറില്‍ കാണിച്ച പല രംഗങ്ങളും സിനിമയില്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഇത്തരമൊരു സംശയം ഉയര്‍ന്നത്. രണ്ടാം ഭാഗത്തിലേക്കുള്ള ചില സീക്വന്‍സുകളാണ് ട്രെയിലറില്‍ കാണിച്ചെന്നതായിരുന്നു പലരും കരുതിയത്.
‘ആ സിനിമയുടെ പല പോര്‍ഷനും പുറത്ത് ട്രെയ്‌ലറായും ടീസറായൊന്നും വിടാന്‍ പറ്റില്ല. പൃഥ്വിയുടെ ലുക്ക് പുറത്ത് വിടാന്‍ പറ്റില്ല, എന്റെ ഒരു പാട്ട് മാത്രം വിട്ടു. ഒരു ഉള്ളടക്കവും അതില്‍ നിന്ന് പുറത്തുവിടാന്‍ പറ്റാത്തതുകൊണ്ട് ഒരു ബോംബ് സ്‌ഫോടനം ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ചെയ്തതാണ്.
സെക്കന്റ് പാര്‍ട്ട് എന്നൊന്നും പറയല്ലേ, ‘ജന ഗണ മന’ യുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നൊക്കെ വെറുതെ ലിസ്റ്റിന്‍ കയറി തള്ളിയതാണ്. അല്ലാതെ സെക്കന്റ് പാര്‍ട്ട് ഒന്നും അവര്‍ ആലോചിച്ചിട്ടേയില്ല.
ട്രെയിലര്‍ കണ്ട് സെക്കന്‍ഡ് പാര്‍ട്ട് എന്ന് ആരൊക്കെയോ തള്ളിയപ്പോള്‍ ഇവരും കൂടെ അങ്ങ് തള്ളി എന്ന് മാത്രം. എന്നാല്‍ രണ്ടാം ഭാഗം എഴുതാന്‍ അവര്‍ തയ്യാറാണെങ്കില്‍ പ്രൊഡ്യൂസ് ചെയ്യാന്‍ ലിസ്റ്റിനും അഭിനയിക്കാന്‍ ഞാനും റെഡിയാണ്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Content Highlight: Suraj Venjaramood about Jana Gana Mana 2nd part