അടുത്ത രണ്ട് സിനിമകള്‍ക്ക് ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് പറഞ്ഞതിന് ശേഷം തിയേറ്ററിലെത്തിയ വിജയ് ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വിജയ് നായകനായ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുകയാണ്. ബിഗിലിന് ശേഷം ഇരട്ടവേഷത്തില്‍ വിജയ് അവതരിച്ച ചിത്രം ആദ്യദിനം തൊട്ട് ഗംഭീര പ്രതികരണമാണ് നേടുന്നത്. കേരളത്തിലും ആന്ധ്രയിലും മാത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ ചിത്രം മറ്റിടങ്ങളില്‍ ഗംഭീരമുന്നേറ്റമാണ് നടത്തുന്നത്. ഇതിനോടകം 300 കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു.
Also Read: റാമിനെ തേടി ജാനു മടങ്ങിവരും: ഉറപ്പ് നല്‍കി സംവിധായകന്‍
22 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌യും സ്‌നേഹയും ഒന്നിച്ച ചിത്രം കൂടിയാണ് ഗോട്ട്. 2002ല്‍ റിലീസായ വസീഗരയിലാണ് ഇതിനുമുമ്പ് ഇരുവരും ഒന്നിച്ചത്.
ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്. അനുരാധ എന്ന കഥാപാത്രമായാണ് ഗോട്ടില്‍ സ്‌നേഹ എത്തിയത്. എന്നാല്‍ ആ വേഷത്തിലേക്ക് ആദ്യം മനസില്‍ കണ്ടത് നയന്‍താരയെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു.
ഇക്കാര്യം നയന്‍താരയോട് സംസാരിച്ചെന്നും പിന്നീട് അത് നടക്കാതെ പോയെന്നും വെങ്കട് പ്രഭു പറഞ്ഞു. പിന്നീട് സ്‌നേഹയെ ആ റോളിലേക്ക് കൊണ്ടുവന്നെന്നും ചിത്രം കണ്ട് സ്‌നേഹയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലെന്ന് നയന്‍താര പറഞ്ഞെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. ടൂറിങ് ടോക്കീസിന് നല്‍കിയ അഭിമുഖത്തിലാണ് വി.പി ഇക്കാര്യം പറഞ്ഞത്.
Also Read: എന്തിന് അവഗണിച്ചു? ഓണം റീലിസിനൊപ്പം ആദ്യ വിവാദവുമെത്തി; യുവതാരങ്ങള്‍ക്കെതിരെ ഒമര്‍ ലുലു
‘സ്‌നേഹ മാം ചെയ്ത റോളിലേക്ക് എന്റെ ആദ്യത്തെ ഓപ്ഷന്‍ നയന്‍താരയായിരുന്നു. അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. നയന്‍താരയും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ അത് നടക്കാതെ പോയി. പിന്നീടാണ് സ്‌നേഹ ഈ പ്രൊജക്ടിലേക്ക്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ 22 വര്‍ഷത്തിന് ശേഷമാണ് സ്‌നേഹയും വിജയ് സാറും ഒന്നിക്കുന്നത്.
അതില്‍ ഒരു ഫ്രഷ്‌നസ്സ് ഉണ്ടായിരുന്നു. ഓഡിയന്‍സിനും അത് ഇഷ്ടമായി. രണ്ടുപേരും തമ്മിലുള്ള കെമിസ്ട്രി ഫാന്‍സ് ആഘോഷിച്ചു. സിനിമ റിലീസായ ശേഷം നയന്‍താര എന്നെ ഫോണില്‍ വിളിച്ചിട്ട് ‘വി.പി. എന്നെ കാസ്റ്റ് ചെയ്യാത്തത് നന്നായി, ഈ റോള്‍ ചെയ്യാന്‍ സ്‌നേഹയല്ലാതെ വേറെ ആളില്ല. മികച്ച സെലക്ഷന്‍, യൂ ഡിഡ് എ റൈറ്റ് തിങ്’ എന്ന് പറഞ്ഞു. അവരുടെ പ്രശംസ ആത്മാര്‍ത്ഥമാണെന്ന് എനിക്ക് മനസിലായി,’ വെങ്കട് പ്രഭു പറഞ്ഞു.
Content Highlight: Venkat Prabhu saying that Nayanthara was the first option for Sneha’s role in GOAT